പിഎച്ച്‌ഡി നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിത | Marie Maynard Daly

 പിഎച്ച്‌ഡി നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് പിൽക്കാലത്ത് ഒരു ബയോകെമിസ്റ്റായി മാറിയ മേരി മെയ്‌നാർഡ് ഡാലി. രസതന്ത്രത്തിൽ, കൊളംബിയ സർവകലാശാലയിൽ നിന്ന് 1947-ലാണ് ഡാലി പിഎച്ച്‌ഡി നേടിയത്. ശ്രദ്ധേയരായ കറുത്ത-വനിതാ ശാസ്ത്രജ്ഞരുടെ സമാഹാരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഡാലിയുടെ സംക്ഷിപ്ത പ്രൊഫൈലുകളിൽ, ഡാലിയുടെ പിഎച്ച്‌ഡി നേട്ടം എല്ലായിപ്പോഴും ആവർത്തിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ, നമുക്ക് ഡാലിയുടെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കൂടുതൽ പരിചയപ്പെടാം.


1921-ൽ ജനിച്ച ഡാലി, 1947-ൽ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ സയൻസ് ഇൻസ്ട്രക്ടറായിയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. 1986-ൽ ജോലിയിൽ നിന്ന് പൂർണ്ണമായി വിരമിച്ച ഡാലി, 2003-ൽ 82-ആം വയസ്സിൽ മരണപ്പെട്ടു. ഭർത്താവ് വിൻസെന്റ് ക്ലാർക്. ദമ്പതികൾക്ക്‌ കുട്ടികളില്ലായിരുന്നു. ഡാലിയുടെ മിക്ക സഹചാരികളും സഹപ്രവർത്തകരും കഴിഞ്ഞ ദശകത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു, അതുകൊണ്ട് തന്നെ ഡാലിയുടെ ജീവിതത്തെയോ ഗവേഷണത്തെയോ കുറിച്ചുള്ള രേഖകൾ പരിമിതമാണ്.


ഡാലിയെക്കുറിച്ച് പ്രാഥമികമായി അവരുടെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളെ കുറിച്ചാണ് അറിയേണ്ടത്. 1950-കളുടെ തുടക്കത്തിൽ ന്യൂയോർക്ക് സിറ്റിയിലെ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോകെമിസ്റ്റായ ആൽഫ്രഡ് മിർസ്‌കി, വിൻസെന്റ് ആൽഫ്രെ എന്നിവരോടൊപ്പം പ്രവർത്തിക്കുമ്പോൾ, പ്രോട്ടീൻ സിന്തസിസിന് RNA-ക്ക്‌ ആവശ്യമാണെന്നതിന്റെ നേരിട്ടുള്ള പരീക്ഷണാത്മക തെളിവുകൾ ഡാലി കണ്ടെത്തി. DNA-യുടെ ഇരട്ട-ഹെലിക്സ് ഘടന (double-helix structure) കണ്ടുപിടിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചതിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ ജെയിംസ് വാട്സൺ ഡാലിയുടെ ആ കണ്ടുപിടുത്തത്തെ ഉദ്ധരിക്കുകയുണ്ടായി. 


ഡാലി പുതിയ തരം ഹിസ്റ്റോണുകൾ തിരിച്ചറിയുകയും ന്യൂക്ലിക് ആസിഡുകൾക്കുള്ളിലെ വ്യത്യസ്ത നൈട്രജൻ ബേസുകളുടെ വിതരണം നിർണ്ണയിക്കുകയും ചെയ്തു, നാം ഇപ്പോൾ അതിനെ ഡിഎൻഎ എന്നും ആർഎൻഎ എന്നും വിളിക്കുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ക്വെന്റിൻ ഡെമിംഗിനൊപ്പം, കൊളസ്‌ട്രോൾ ഹൃദയാഘാതത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്നാണെന്ന് ഡാലി തിരിച്ചറിഞ്ഞു. ന്യൂയോർക്ക് സിറ്റിയിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിലേക്ക് മാറിയ ശേഷം, ഡാലി ഹൈപ്പർടെൻഷനെക്കുറിച്ച് വിശദമായി പഠിക്കുകയും, പേശി കോശങ്ങൾ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ക്രിയേറ്റൈൻ (creatine) ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയ്യുകയും ചെയ്തു. തുടർച്ചയായി സിഗരറ്റ് വലിക്കുന്നവരുടെ ശ്വാസകോശത്തിൽ മുറിവുകൾ ഉണ്ടാകാം എന്ന് ഒരു നായയെ മാതൃകയാക്കി നടത്തിയ പഠനത്തിൽ ഡാലി പങ്കെടുത്തു.


1990-കളിലെ വിവിധ സമാഹാരങ്ങളിലും 2000-കളിൽ നിന്നുള്ള ഓൺലൈൻ ലേഖനങ്ങളിലും ഡാലിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഉൾപ്പെടുന്നു, എന്നാൽ അവ വലിയൊരളവിൽ നമുക്കറിയാവുന്ന വസ്തുതകൾ ആവർത്തിക്കുന്നു. ഡാലി 1921-ൽ ന്യൂയോർക്കിലെ ക്യൂൻസിൽ ജനിച്ചു.  മൈക്രോബയോളജിസ്റ്റ് പോൾ ഡി ക്രൂഫിന്റെ 1926-ലെ ക്ലാസിക് പുസ്തകമായ മൈക്രോബ് ഹണ്ടേഴ്സ് കുട്ടിക്കാലത്ത് വായിച്ചതിൽ നിന്നാണ് ഡാലിക്ക്‌ ഈ കരിയർ തുരഞ്ഞെടുക്കാൻ പ്രചോദനം ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു ജോലി കിട്ടില്ല എന്ന് മനസ്സിലാക്കിയ ഡാലി, രസതന്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാൻ തീരുമാനിച്ചു.


തന്റെ ഗവേഷണത്തിനും അധ്യാപനത്തിനും പുറമേ, ന്യൂനപക്ഷ ബിരുദ വിദ്യാർത്ഥികളെ മെഡിക്കൽ സ്കൂളിനും ബിരുദ സയൻസ് പ്രോഗ്രാമുകൾക്കും തയ്യാറാക്കുന്നതിനായി ഡാലി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഡാലിയുടെ വിഷയങ്ങൾ വ്യത്യസ്തമായിരുന്നു, ഡാലിയുടെ പഠനങ്ങൾ കർശനമായിരുന്നു, അതിന്റെ ഫലങ്ങൾ പ്രധാനമാണ്.Post a Comment

0 Comments