കൊച്ചുകുട്ടികൾ എപ്പോഴും മുതിർന്നവരുടെ പ്രവർത്തികൾ നിരീക്ഷിക്കുന്നു. മുതിർന്നവരുടെ ഭാഷ പ്രയോഗങ്ങളും, മറ്റുള്ളവരുമായുള്ള പെരുമാറ്റവുമെല്ലാം കുട്ടികൾ നിരീക്ഷിക്കുകയും, അതവർ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, ഭക്ഷണം വായ കൊണ്ട് പങ്കിടുന്നത് പോലുള്ള പ്രവർത്തനങ്ങളിലൂടെ ആളുകൾ ഉമിനീർ കൈമാറ്റം ചെയ്യുമ്പോൾ, അത് അവരുടെ അടുത്ത പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നതായും, അക്കാര്യം ചെറിയ കുട്ടികൾ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതായി ഒരു പഠനം സൂചിപ്പിക്കുന്നു.
സാധാരണഗതിയിൽ, ആളുകൾ ചുംബനങ്ങൾ അല്ലെങ്കിൽ ഐസ്ക്രീം പങ്കുവെക്കൽ പോലുള്ള ഉമിനീർ കൈമാറ്റത്തിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങൾ ഒരു സാധാരണ പരിചയക്കാരനോടോ സഹപ്രവർത്തകനോടോ ചെയ്യുന്നതിനേക്കാൾ, പങ്കാളികളുമായോ കുടുംബാംഗങ്ങളുമായോ അടുത്ത സുഹൃത്തുക്കളുമായോ ചെയ്യാൻ സാധ്യതയുണ്ട്. തൽഫലമായി, ഉമിനീർ പങ്കിടുന്ന പ്രവർത്തനങ്ങൾ, അവർ തമ്മിലുള്ള ഒരു 'കട്ടിയുള്ള ബന്ധത്തിന്റെ' അടയാളപ്പെടുത്തലുകളായി സൂചിപ്പിക്കുന്നു. അത് ചിലപ്പോൾ മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഉറ്റ സുഹൃത്തുക്കൾ എന്നിങ്ങനെ പരസ്പരം അറ്റാച്ച്മെന്റുകൾ നിലനിൽക്കുന്നവരായിരിക്കാം, എംഐടിയിലെ ഡെവലപ്മെന്റൽ സൈക്കോളജിസ്റ്റായ ആഷ്ലി തോമസ് പറയുന്നു.
കൊച്ചുകുട്ടികൾ പലപ്പോഴും അവരുടെ ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുകയും, അവരുടെ പ്രവർത്തികളെ അനുകരിക്കാൻ ശ്രമിക്കുകയും, അവരുടെ പ്രവർത്തികളിൽ നിന്ന് സാമൂഹിക സൂചനകൾ കണ്ടെത്തി അത് ഏറ്റെടുക്കുകയും ചെയ്യുന്നു. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികൾ ഉമിനീർ പങ്കിടൽ, ഏറ്റവും അടുപ്പമുള്ള ബന്ധത്തിന്റെ ഒരു സൂചനയായി ഉപയോഗിക്കുമോ എന്നറിയാൻ, ആഷ്ലി തോമസും സഹപ്രവർത്തകരും കുട്ടികൾക്ക് മുന്നിൽ പാവകളുമായി ആളുകളെ ഇടപഴകിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു. തുടർന്ന്, ഒരു പാവ കരയുന്നതായി വീഡിയോയിൽ കാണിക്കുമ്പോൾ, ഏകദേശം 8 മാസം പ്രായമുള്ള കുട്ടികൾ, മുമ്പ് പാവയുമായി ഇടപഴകിയ മുതിർന്ന ആളിലേക്ക് നോക്കാൻ സാധ്യതയുണ്ട്. അത് ചിലപ്പോൾ, നേരിട്ടോ അല്ലെങ്കിൽ ഭക്ഷണം പങ്കിടുന്നതിലൂടെയോ കുട്ടികൾ ആ പ്രവർത്തി ആ മുതിർന്ന വ്യക്തിയിൽ നിന്ന് കണ്ടുകൊണ്ടതായിരിക്കാം. ഗവേഷകരുടെ സംഘം ജനുവരി 21-ന് Science-ൽ റിപ്പോർട്ട് ചെയ്തു.
തീർച്ചയായും, ഗവേഷകർക്ക് കുഞ്ഞുങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയില്ല. എന്നാൽ, അവർ ചെയ്യുന്ന പ്രവർത്തികൾ എവിടെ നിന്നാണ് അവർ കണ്ടെത്തിയത് എന്ന് ട്രാക്ക് ചെയ്യുന്നതിലൂടെ പുതിയ പഠനങ്ങൾ സാധൂകരിക്കുന്നതിനുള്ള സൂചനകൾ ലഭിക്കുന്നു. പാവ കരയുമ്പോൾ അതിനെ ആശ്വസിപ്പിക്കണം എന്ന് കുട്ടി കരുതുന്നതായിയൊന്നും തങ്ങളുടെ ആശയം പറയുന്നില്ല എന്ന് ആഷ്ലി തോമസ് പറയുന്നു. മറിച്ച്, പാവ വിഷമം പ്രകടിപ്പിക്കുമ്പോൾ പാവയുടെ അടുത്തേക്ക് ആദ്യം നീങ്ങുമെന്ന് കുട്ടി പ്രതീക്ഷിക്കുന്ന ആളിലേക്ക് കുട്ടി നോക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. കളിപ്പാട്ടവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയിലേക്കായിരിക്കും കുട്ടി ആദ്യം നോക്കുക എന്നും ഗവേഷകർ പറയുന്നു.
കൂടുതൽ പരീക്ഷണങ്ങളുടെ ഭാഗമായി, 8 മുതൽ 10 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും 16 മുതൽ 18 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും, ഒരു സ്ത്രീ ഒരു പാവയ്ക്കൊപ്പം ഓറഞ്ച് സ്ലൈസ് പങ്കിടുന്നതിന്റെ വീഡിയോകൾ ഗവേഷക സംഘം കാണിച്ചു. രണ്ടാമത്തെ വീഡിയോയിൽ മറ്റൊരു സ്ത്രീയും പാവയും പന്തുമായി കളിക്കുന്നത് കാണിച്ചു. ഒടുവിൽ, അവസാന വീഡിയോയിൽ രണ്ട് സ്ത്രീകൾക്കിടയിൽ ഇരുന്നുകൊണ്ട് പാവ കരയുന്നതായി കാണിച്ചു. ഉടനെ കുട്ടികളുടെ കണ്ണുകൾ ഓറഞ്ച് കഷ്ണം പങ്കിട്ട സ്ത്രീയിലേക്ക് ആകർഷിക്കപ്പെട്ടു, അവൾ പ്രതികരിക്കുമെന്ന് കുട്ടികൾ പ്രതീക്ഷിച്ചിരിക്കാം.
സമാനമായ പരീക്ഷണങ്ങൾ ഗവേഷക സംഘം വീണ്ടും നടത്തിയപ്പോഴും, നേരത്തത്തേതിന് സമാനമായ ഫലങ്ങൾ വീണ്ടും കണ്ടു. ഇത്തവണ ഒരു സ്ത്രീ രണ്ട് പാവകളുമായി ഇടപഴകുന്ന വീഡിയോ ആണ് കാണിച്ചത്. ആദ്യ വീഡിയോയിൽ ആ സ്ത്രീ തന്റെ ഉമിനീർ പങ്കിടുന്നതിനായി, ആദ്യം തന്റെ വിരൽ തന്റെ വായയിലും, പിന്നീട് അതേ വിരൽ ഒരു പാവയുടെ വായയിലും വെച്ചു. രണ്ടാമത്തെ വീഡിയോയിൽ, മറ്റൊരു പാവയുടെ നെറ്റിയിലാണ് സ്ത്രീ തൊട്ടത്, പിന്നീട് പാവ സ്ത്രീയുടെ നെറ്റിയിലും തൊട്ടു. മൂന്നാമത്തെ വീഡിയോയിൽ, സ്ത്രീ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ, ഈ വീഡിയോകൾ ഇത്രയും നേരം കണ്ടിരുന്ന കുട്ടികൾ, ഉമിനീർ പങ്കിട്ട പാവയിലേക്ക് കൂടുതൽ സമയം നോക്കിയിരുന്നു.
5 മുതൽ 7 വയസ്സുവരെയുള്ള മുതിർന്ന കുട്ടികളും ഉമിനീർ പങ്കിടുന്നത് അടുത്ത ബന്ധത്തിന്റെ അടയാളമായി തിരഞ്ഞെടുത്തു. ആ പ്രായത്തിലുള്ള കുട്ടികൾ പാത്രങ്ങളോ ഭക്ഷണമോ പങ്കിടുന്നവർ അടുത്ത കുടുംബാംഗങ്ങളായിരിക്കുമെന്നും കളിപ്പാട്ടങ്ങൾ പങ്കിടുന്നവരോ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവരോ സുഹൃത്തുക്കളോ മറ്റു കുടുംബാംഗങ്ങളോ ആയിരിക്കാമെന്നും പ്രവചിച്ചു. കണ്ടെത്തലുകൾ കൊച്ചുകുട്ടികളുടെ ദൈനംദിന ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും, പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുട്ടികൾ, വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളെ എങ്ങനെ വേർതിരിക്കുന്നു എന്നതിൽ ഉമിനീർ വഹിക്കുന്ന പങ്ക് മനസ്സിലാക്കാൻ ഭാവിയിലെ കൂടുതൽ പരീക്ഷണങ്ങൾ സഹായകമാകും. ആലിംഗനം പോലുള്ള മറ്റ് സൂചനകളും കുട്ടികളുടെ ബന്ധങ്ങൾ തിരിച്ചറിയുന്ന പ്രക്രിയയിൽ ഒരു പങ്കുവഹിച്ചേക്കാം, ആഷ്ലി തോമസ് പറയുന്നു.
0 Comments