എന്തുകൊണ്ടാണ് ചൊവ്വയിൽ മഴവില്ല് കാണപ്പെടാത്തത്? ഉത്തരം നൽകി NASA


സൂര്യനിൽ നിന്നുള്ള നാലാമത്തെ ഗ്രഹമാണ് ചൊവ്വ (Mars), ഇത്‌ സൗരയൂഥത്തിലെ രണ്ടാമത്തെ ചെറിയ ഗ്രഹവുമാണ്. അതിന്റെ ചുവപ്പ് കലർന്ന രൂപം കാരണം, അതിനെ 'ചുവന്ന ഗ്രഹം' എന്നും വിളിക്കുന്നു. പ്രധാനമായും കാർബൺ ഡൈഓക്സൈഡ് അടങ്ങിയ നേർത്ത അന്തരീക്ഷമുള്ള ഒരു ഭൗമ ഗ്രഹമാണ് ചൊവ്വ. ചുവന്ന ഗ്രഹത്തെ ഭൂമിയോട് സാമ്യമുള്ളതാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ചൊവ്വയിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിലവിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചൊവ്വയിലെ മനുഷ്യവാസം ദുഷ്കരമായിരിക്കും, കാരണം മനുഷ്യന് ജീവൻ നിലനിർത്താൻ വെള്ളം നിർബന്ധമാണ്, എന്നാൽ, ചൊവ്വയിൽ വെള്ളം കുറവാണ്, ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ ഉള്ളതിനേക്കാൾ കുറവ് വെള്ളമാണ് ചൊവ്വയിൽ ഉള്ളത് എന്നാണ് റോവറുകൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ, ഭൂമിയോട് സാമ്യമുള്ളതാക്കുന്ന നിരവധി ഘടകങ്ങൾ ചൊവ്വയിൽ ഉണ്ടെങ്കിലും, എന്തുകൊണ്ടാണ് ചുവന്ന ഗ്രഹം മഴവില്ലില്ലാത്ത ലോകമാകുന്നത് എന്ന ചോദ്യത്തിന്, ശാസ്ത്രജ്ഞനായ മാർക്ക് ലെമ്മൺ, NASA തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കിട്ട ഒരു പുതിയ വീഡിയോയിൽ, ഉത്തരം നൽകിയിരിക്കുകയാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ, ചൊവ്വയിൽ വെള്ളത്തിന്റെ അംശം വളരെ കുറവാണ്. എന്നാൽ, മാർക്ക് ലെമ്മൺ വിശദീകരിക്കുന്നത് അനുസരിച്ച്, ഒരു മഴവില്ലിന്റെ രൂപീകരണത്തിന് വെള്ളം ആവശ്യമാണ് എന്ന് മാത്രമല്ല, വെള്ളമാണ് അതിന്റെ പ്രധാന പദാർത്ഥം. ഒരു ഗോളാകൃതിയിലുള്ള ജലത്തുള്ളിയിൽ സൂര്യപ്രകാശത്തിന്റെ ഒരു ബീം പ്രവേശിക്കുമ്പോൾ, അതിന്റെ പ്രതിഫലനം തിരിച്ച് മനുഷ്യന്റെ കണ്ണുകളിലേക്ക് എത്തുമ്പോഴാണ് മഴവില്ലുകൾ ദൃശ്യമാകുന്നത്. ജല തന്മാത്രകളെ ഒരുമിച്ച് വലിക്കുന്ന ഉപരിതല പിരിമുറുക്കം കാരണം ഗോളങ്ങളുടെ ആകൃതിയെടുക്കുന്നതിനാൽ മഴവില്ല് ഉണ്ടാക്കാൻ ജലത്തുള്ളികൾക്ക് മാത്രമേ കഴിയൂ എന്ന് ലെമ്മൺ പറഞ്ഞു. മാത്രമല്ല, മഴവില്ലുകൾ അവയുടെ സങ്കീർണ്ണമായ ഘടന കാരണം മഞ്ഞിൽ നിന്ന് രൂപപ്പെടുന്നത് അസാധ്യമാണ്.

എന്തുകൊണ്ടാണ് ചൊവ്വയിൽ മഴവില്ല് കാണപ്പെടാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിനോടകം തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, മുകളിൽ സൂചിപ്പിച്ചതുപോലെ, ഒരു മഴവില്ലിന്റെ രൂപീകരണത്തിന് വെള്ളത്തുള്ളി ആവശ്യമാണ്. എന്നാൽ, ചൊവ്വയിൽ അതിന് ആവശ്യത്തിന് വെള്ളമില്ലെന്നും ലെമ്മൺ പറയുന്നു. എന്നിരുന്നാലും, കൗതുകകരമെന്ന് പറയട്ടെ, ചൊവ്വയിൽ ചെറിയ ജലതുള്ളികളുണ്ടെങ്കിലും അവ മനുഷ്യന്റെ മുടിയേക്കാൾ 20 മടങ്ങ് ചെറുതും ഭൂമിയിലെ മേഘങ്ങളിൽ കാണപ്പെടുന്ന ജലതുള്ളികളേക്കാൾ 10 മടങ്ങ് ചെറുതും ആണെന്ന് ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. ഒരു മഴവില്ല് നിർമ്മിക്കാൻ, അവ ഇപ്പോഴുള്ളതിന്റെ 10 മടങ്ങ് വലുതായിരിക്കണം, എന്ന് ലെമ്മൺ NASA പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ പറഞ്ഞു. "റോവറുകൾ ഇപ്പോഴും ചൊവ്വയിലെ കാലാവസ്ഥകൾ പരിശോധിക്കുന്നു. എന്നാൽ, നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. ചൊവ്വയിൽ ഭൂമിക്ക് സമാനമായ കാലാവസ്ഥയുണ്ട്, പക്ഷേ മഴവില്ലുകൾ ഇല്ല", ലെമ്മൺ പറഞ്ഞു.

Post a Comment

0 Comments