ടോംഗയിൽ അണ്ടർവാട്ടർ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ഈ അഗ്നിപർവ്വതം ഓരോ ആയിരം വർഷത്തിലൊരിക്കലും സ്ഫോടനാത്മകമായി പൊട്ടിത്തെറിക്കുന്നു | Hunga-Tonga-Hunga-Ha'apai volcano

 ജനുവരി 15-ന്, ദ്വീപ് രാഷ്ട്രമായ ടോംഗയിലെ ഒരു അണ്ടർവാട്ടർ അഗ്നിപർവ്വതം അണുബോംബിന്റെ സ്ഫോടനാത്മക ശക്തിയോടെ പൊട്ടിത്തെറിച്ചു. ഇതിന് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം പൊട്ടിത്തെറിക്കാണ് ജനുവരി 15-ന് ടോംഗ സാക്ഷ്യം വഹിച്ചത്. തെക്കൻ പസഫിക്കിലെ ഹംഗ-ടോംഗ-ഹംഗ-ഹാപായ് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഇത്‌ കൂൺ ആകൃതിയിൽ ചാരവും പൊടിയും  മേഘങ്ങളിലേക്ക് ഉയരാനും, അന്തരീക്ഷത്തിൽ കുറഞ്ഞത് 20 കിലോമീറ്റർ വിസ്തീർണ്ണത്തിൽ പൊടി പടലങ്ങൾ പരക്കാനും കാരണമായി. 39 കിലോമീറ്റർ വരെ ഉയരത്തിൽ പൊടി പടലങ്ങൾ വ്യാപിച്ചു എന്നും ചില റിപ്പോർട്ടുകൾ നൽകുന്ന കണക്കനുസരിച്ച് സൂചിപ്പിക്കുന്നു.


ഈ അഗ്നിപർവ്വത പൊട്ടിത്തെറി ടോംഗ ദ്വീപുകളെ ചാരത്തിൽ പൊതിഞ്ഞതായും, കെട്ടിടങ്ങളെ പൊടി കൊണ്ട് മൂടിയതായും, വിളകളിൽ പൊടി പറ്റിപ്പിടിപ്പിച്ചതായും, ജലവിതരണം മലിനമാക്കിയതായും പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നു. സ്ഫോടനത്തിന്റെ ശക്തി, സമുദ്രത്തിന് കുറുകെ ഒഴുകിയ ഒരു അപൂർവ അഗ്നിപർവ്വത സുനാമിക്ക് കാരണമായി. കൂടാതെ, പൊട്ടിത്തെറിയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ജനസാന്ദ്രതയുള്ള ടോംഗടാപു ദ്വീപിൽ വെള്ളപ്പൊക്കവും ഉണ്ടായി, തുടർന്ന്, താമസക്കാരെ ഉയർന്ന പ്രദേശത്തേക്ക് പലായനം ചെയ്തു. പൊട്ടിത്തെറിയിലും സുനാമിയിലും കുറഞ്ഞത് മൂന്ന് പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവും എന്നാണ് പുറത്ത് വരുന്ന കണക്കുകൾ. 


അഗ്നിപർവ്വതം അതിന്റെ തീവ്രത കുറഞ്ഞ്, നിദ്രാവസ്ഥയിലേക്ക് മടങ്ങിവന്നേക്കാം. എന്നാൽ, ചിലപ്പോൾ അങ്ങനെ മടങ്ങിവരണം എന്നുമില്ല. ഹുംഗ-ടോംഗ-ഹംഗ-ഹാപായിയുടെ പൊട്ടിത്തെറിയുടെ ചരിത്രം പഠിച്ച ഗവേഷകർ, അതിന്റെ ചാരവും പാളികളും അഗ്നിപർവ്വത പ്യൂമിസിന്റെ ശകലങ്ങളും ശേഖരിച്ചു, ഈ അഗ്നിപർവ്വതം ഓരോ ആയിരം വർഷത്തിലൊരിക്കലും സ്ഫോടനാത്മകമായി പൊട്ടിത്തെറിക്കുന്നു എന്നാണ് അവരുടെ കണ്ടെത്തൽ. അതും ഒരു തവണ മാത്രമല്ല, ഒന്നിലധികം പൾസുകൾ സംഭവിച്ചേക്കാം.


ഇത്തവണ ഇനിയും അങ്ങനെ സംഭവിക്കുമോ എന്നും, സംഭവിക്കുമെങ്കിൽ, അത് എപ്പോൾ സംഭവിക്കും എന്നും പറയാൻ ഈ അവസരത്തിൽ കഴിയില്ല എന്നും, ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡ് സർവകലാശാലയിലെ അഗ്നിപർവ്വത ശാസ്ത്രജ്ഞനായ ഷെയ്ൻ ക്രോണിൻ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും അടുത്തതായി എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുന്നതിനും അഗ്നിപർവ്വതത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം സഹപ്രവർത്തകരുമായി പ്രവർത്തിക്കുകയാണ്. 


തെക്കൻ പസഫിക്കിലെ ടോംഗയിലെ ഹംഗ-ടോംഗ-ഹംഗ-ഹാപായ് അഗ്നിപർവ്വതത്തിൽ നിന്ന് കൂൺ ആകൃതിയിലുള്ള പൊട്ടിത്തെറി സംഭവിച്ചപ്പോൾ, സ്ഫോടനം അലാസ്ക വരെ കേൾക്കുന്ന ഒരു സോണിക് ബൂം സൃഷ്ടിക്കുകയും, അതിന്റെ അന്തരീക്ഷ ഷോക്ക് തരംഗങ്ങൾ ലോകമെമ്പാടും അലയടിക്കുകയും ചെയ്തു. ടോംഗയിൽ സജീവമായ ഭൂകമ്പമാപിനികളൊന്നുമില്ല. ദ്വീപ് രാഷ്ട്രത്തിൽ നിന്നുള്ള ആശയവിനിമയങ്ങൾ ചാരവും വെള്ളപ്പൊക്കവും മൂലം  പ്രവർത്തനരഹിതമാണ്. എന്നാൽ, സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ, ക്രോണിനും മറ്റുള്ളവരും ഈ പ്രദേശത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. അഗ്നിപർവ്വതത്തിന്റെ ആകൃതിയിലോ ഉയരത്തിലോ മാഗ്മ വീണ്ടും ചലനത്തിലായിരിക്കുമെന്ന് സൂചിപ്പിക്കുന്ന മറ്റ് സൂചകങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്കായി അവർ കാത്തിരിക്കുന്നു.


ഇപ്പോൾ, അഗ്നിപർവ്വതത്തിന്റെ അക്രമാസക്തമായ ഭൂതകാലം അതിന്റെ ഭാവിയെക്കുറിച്ച് ചില സൂചനകൾ നൽകിയേക്കാം. സമീപകാല സ്ഫോടനത്തിന് മുമ്പുതന്നെ, കാൽഡെറ അല്ലെങ്കിൽ സെൻട്രൽ ഗർത്തം ഉൾപ്പെടെയുള്ള അഗ്നിപർവ്വതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി, ഇപ്പോൾ അത് കൂടുതൽ ആഴത്തിൽ മുങ്ങി. എന്നാൽ, ഗർത്തത്തിന്റെ അരികിൽ രണ്ട് ചെറിയ, ജനവാസമില്ലാത്ത ദ്വീപുകളുണ്ട് - ഹംഗ-ടോംഗ, ഹംഗ-ഹാപായ്. ഒരിക്കൽ അവ വെള്ളത്തിന് മുകളിൽ നൂറ് മീറ്ററോ അതിൽ കൂടുതലോ ഉയർന്നു നിന്നിരുന്നവയാണ്. അവിടെ, 2014-2015 ലെ ഒരു ചെറിയ പൊട്ടിത്തെറിക്ക് ശേഷം, ഒരു പുതിയ അഗ്നിപർവ്വത കോൺ പ്രത്യക്ഷപ്പെടുകയും, അത് പ്രധാനമായും രണ്ട് ദ്വീപുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. 2015-ൽ അവിടെ യാത്ര ചെയ്യുകയും ഹംഗ-ടോംഗ-ഹംഗ-ഹാപായിയുടെ മറഞ്ഞിരിക്കുന്ന ചരിത്രം കണ്ടെത്തുകയും ചെയ്ത ക്രോണിനും സഹപ്രവർത്തകർക്കും ഇത് ഒരു ലാൻഡിംഗ് സ്പോട്ട് നൽകി.Post a Comment

0 Comments