FU Orionis-ന്റെ ദീർഘകാല തിളക്കത്തിന്റെ രഹസ്യം പുറത്തുവിട്ട് ഗവേഷകർ


ഒരു നവജാത നക്ഷത്രം മറ്റൊരു നക്ഷത്രത്തെ മറികടക്കുമ്പോൾ, അത് ഒരു കോസ്മിക് ജ്വലനത്തിന് കാരണമാവും. അത് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ചതായും ഇന്നും അത് ശക്തമായി തുടരുന്നു എന്നും, ഗവേഷകർ പറയുന്നു. 1936-ന്റെ അവസാനത്തോടെ, ഓറിയോൺ നക്ഷത്രസമൂഹത്തിലെ ഒരു മങ്ങിയ നക്ഷത്രം ആകാശത്ത് പൊട്ടിത്തെറിക്കാൻ തുടങ്ങി, പൊട്ടിത്തെറിക്ക്‌ ശേഷം അത് മുമ്പത്തേതിനേക്കാൾ 100 മടങ്ങ് പ്രകാശിച്ചു. പൊട്ടിത്തെറിക്ക് മുമ്പ് നക്ഷത്രത്തെ കണ്ടെത്താൻ ടെലിസ്കോപ്പുകൾക്ക് മാത്രമേ കഴിയുമായിരുന്നൊള്ളു, എന്നാൽ പിന്നീട്, നക്ഷത്രം വളരെ തിളക്കമുള്ളതായി മാറി, അത് ബൈനോക്കുലറിലൂടെ ദൃശ്യമായിരുന്നു. മുമ്പ് ഇരുണ്ട നക്ഷത്രാന്തര മേഘമായിരുന്ന Barnard 35 എന്ന് വിളിക്കപ്പെടുന്ന ഇരുണ്ട മേഘത്തിന്റെ ഒരു ഭാഗം പോലും ഈ നക്ഷത്രം പ്രകാശിപ്പിച്ചു.


അതിശയകരമെന്നു പറയട്ടെ, ഇപ്പോൾ FU Orionis എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രം, 85 വർഷങ്ങൾക്ക് ശേഷവും ഇന്നും ഏതാണ്ട് അതേ തിളക്കത്തോടെ കാണപ്പെടുന്നു. അതിനർത്ഥം നക്ഷത്രം ഒരു നോവ ആയിരുന്നില്ല, കാഴ്ചയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഒരു നക്ഷത്ര സ്ഫോടനമായിരുന്നില്ല. എന്നാൽ, നീണ്ടുനിൽക്കുന്ന ജ്വലനത്തിന്റെ കൃത്യമായ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.


ഇപ്പോൾ, കംപ്യൂട്ടർ സിമുലേഷനുകൾ ആ നക്ഷത്രം ഇത്രയധികം തിളങ്ങി നിൽക്കുന്നത് എന്തുകൊണ്ടാണെന്നതിന് ഒരു സൂചന നൽകിയിരിക്കുകയാണ്. ഭൂമിയിൽ നിന്ന് ഏകദേശം 1,330 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന FU Orionis യഥാർത്ഥത്തിൽ ഒരു ഇരട്ട നക്ഷത്രമാണ്, അതിൽ രണ്ട് വ്യത്യസ്ത നക്ഷത്രങ്ങൾ അടങ്ങിയിരിക്കുന്നു, അവ പരസ്പരം പരിക്രമണം ചെയ്യുന്നു. ഒന്ന് സൂര്യനോളം പിണ്ഡമുള്ളതാണ്, മറ്റതിന് അതിന്റെ 30 - 60 ശതമാനം വരെ പിണ്ഡമാണ് ഉള്ളത്. നക്ഷത്രങ്ങൾ വളരെ ചെറുപ്പമായതിനാൽ, ഓരോന്നിനും ചുറ്റും വാതകത്തിന്റെയും പൊടിയുടെയും ഒരു ഡിസ്കുണ്ട്. മറ്റൊരു നക്ഷത്രത്തിന്റെ ഡിസ്കിലൂടെയുള്ള ചെറിയ നക്ഷത്രത്തിന്റെ കടന്നുകയറ്റമാണ് വലിയ ജ്വലനത്തിന് കാരണമാവുകയും, അത് നിലനിർത്തുകയും ചെയ്യുന്നത്, സിമുലേഷനുകൾ സൂചിപ്പിക്കുന്നു.


ഓസ്‌ട്രേലിയയിലെ ക്ലേട്ടണിലുള്ള മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞയായ എലിസബത്ത് ബോർച്ചർട്ട് പറയുന്നതനുസരിച്ച്, "പിണ്ഡം കുറഞ്ഞ നക്ഷത്രമാണ് പൊട്ടിത്തെറിക്കുന്നത്." ബോർച്ചർട്ടിന്റെ സംഘം പറയുന്നതനുസരിച്ച്, പിണ്ഡം കുറവുള്ള നക്ഷത്രം ഭൂമി സൂര്യനിൽ നിന്ന് ഉള്ളതിനേക്കാൾ 10 മുതൽ 20 മടങ്ങ് വരെ അതിന്റെ ജോഡിയിൽ നിന്ന് കടന്നുപോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്, ഇത്‌ സൂര്യന് ശനിയിൽ നിന്നും യുറാനസിൽ നിന്നും ഉള്ള ദൂരവുമായും താരതമ്യപ്പെടുത്താവുന്നതാണ്. ചെറിയ നക്ഷത്രം മറ്റേ നക്ഷത്രത്തിന്റെ ഡിസ്കിലൂടെ കടന്നുകയറിയപ്പോൾ, ആ ഡിസ്കിൽ നിന്നുള്ള വാതകവും പൊടിയും നുഴഞ്ഞുകയറ്റക്കാരന്റെ മേൽ പടർന്നു. സിമുലേഷനുകളിൽ, ഈ മെറ്റീരിയൽ ചൂടാകുകയും ധാരാളമായി തിളങ്ങുകയും ചെയ്തു. ഇത്‌ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രത്തെ നൂറുകണക്കിന് മടങ്ങ് തെളിച്ചമുള്ളതാക്കുന്നു, ഇത്‌ FU Orionis-ന്റെ പൊട്ടിത്തെറിയെ അനുകരിക്കുന്ന പെരുമാറ്റമാണ്.


ചെറിയ നക്ഷത്രത്തിന്റെ ഗുരുത്വാകർഷണബലം നക്ഷത്രത്തെ വലംവയ്ക്കാൻ തുടങ്ങിയതും ഇപ്പോഴും അതിലേക്ക് പതിക്കുന്നതായ പദാർത്ഥങ്ങളെ പിടിച്ചെടുക്കുന്നതിനാലുമാണ് ജ്വലനം ഇത്രയും കാലം നിലനിന്നത്, എന്ന് ഗവേഷകർ നവംബർ 24 ന് ഓൺലൈനായി arXiv.org-ൽ സമർപ്പിച്ച ഒരു പ്രബന്ധത്തിൽ വിശദീകരിക്കുന്നു. "ഇത് വിശ്വസനീയമായ ഒരു വിശദീകരണമാണ്," എന്നാണ് പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത കേംബ്രിഡ്ജിലെ ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് കെനിയോൺ പറയുന്നത്. ഗവേഷക സംഘത്തിന്റെ സിദ്ധാന്തം പരിശോധിക്കുന്നതിനുള്ള ഒരു മാർഗം, ഭാവിയിൽ രണ്ട് നക്ഷത്രങ്ങൾ പരസ്പരം ആപേക്ഷികമായി എങ്ങനെ നീങ്ങുന്നുവെന്ന് ട്രാക്കുചെയ്യുക എന്നതാണ്, കെനിയോൺ കൂട്ടിച്ചേർത്തു. സിമുലേഷനുകൾ സൂചിപ്പിക്കുന്നത് പോലെ 1936-ൽ നക്ഷത്രങ്ങൾ പരസ്പരം അടുത്തിരുന്നോ എന്ന് അത് വെളിപ്പെടുത്തിയേക്കാം.


 


Post a Comment

0 Comments