ചൈനയുടെ ലൂണാർ ലാൻഡർ ചന്ദ്രനിൽ ജലത്തിന്റെ ആദ്യ ഓൺ-സൈറ്റ് തെളിവുകൾ കണ്ടെത്തി


ചൈനയുടെ Chang’e 5 ലൂണാർ ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ജലത്തിന്റെ ആദ്യ ഓൺ-സൈറ്റ് തെളിവുകൾ കണ്ടെത്തി, ഇത് ഉപഗ്രഹത്തിന്റെ വരൾച്ചയ്ക്ക് പുതിയ തെളിവുകൾ നൽകുന്നു. സയൻസ് അഡ്വാൻസസ് ജേണലിൽ ശനിയാഴ്ച (ജനുവരി 8) പ്രസിദ്ധീകരിച്ച പഠനം, ലാൻഡിംഗ് സൈറ്റിലെ ചാന്ദ്ര മണ്ണിൽ 120 ppm-ൽ (parts-per-million) കുറവ് വെള്ളവും, പാറകൾ 180 പിപിഎം വെള്ളവും വഹിക്കുന്നു എന്ന് വ്യക്തമാക്കി. അതുകൊണ്ട് അവിടം ഭൂമിയെക്കാൾ വളരെ വരണ്ടതാണ് എന്ന് പഠനം ചൂണ്ടിക്കാണിച്ചു. ലൂണാർ ലാൻഡറിലുള്ള ഒരു ഉപകരണം റിഗോലിത്തിന്റെയും പാറയുടെയും സ്പെക്ട്രൽ പ്രതിഫലനം അളന്നാണ്, അവിടെ വെള്ളം ഉണ്ട് എന്നതിന് ആദ്യമായി തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്.

മൂന്ന് മൈക്രോമീറ്റർ ആവൃത്തിയിൽ ജല തന്മാത്രയോ ഹൈഡ്രോക്‌സിലോ ആഗിരണം ചെയ്യുന്നതിനാൽ ജലത്തിന്റെ അളവ് കണക്കാക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ (സിഎഎസ്) ഗവേഷകരെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചന്ദ്രനിലെ മണ്ണിൽ ഏറ്റവും കൂടുതൽ ഈർപ്പം ഉണ്ടാകാൻ കാരണമായത് സൗരവാതമാണ്, അത് ജലം ഉണ്ടാക്കുന്നതിനായി ഹൈഡ്രജൻ കൊണ്ടുവന്നു എന്ന് ഗവേഷകർ പറഞ്ഞു. പാറയിലെ 60 പിപിഎം അധിക ജലം ചന്ദ്രന്റെ ഉള്ളിൽ നിന്ന് ഉത്ഭവിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു. ചന്ദ്രൻ ഒരു നിശ്ചിത കാലയളവിനുള്ളിലാണ് വരണ്ടതായി മാറിയതെന്ന് പഠനം വെളിപ്പെടുത്തി, ഒരുപക്ഷേ അതിന്റെ ആവരണ റിസർവോയറിന്റെ ഡീഗ്യാസിംഗ് കാരണമാവാം ഇത്‌ സംഭവിച്ചത്.

ചന്ദ്രനിലെ മിഡ്‌-ഹൈ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മാർ ബസാൾട്ടുകളിൽ ഒന്നിലാണ് Chang'e-5 ബഹിരാകാശ പേടകം ഇറങ്ങിയത്. ഇത് സ്ഥലത്തെ വെള്ളം അളക്കുകയും 1,731 ഗ്രാം ഭാരമുള്ള സാമ്പിളുകൾ വീണ്ടെടുക്കുകയും ചെയ്തു. “തിരിച്ചെടുത്ത സാമ്പിളുകൾ ഉപരിതലത്തിലും താഴെയുമുള്ള തരികളുടെ മിശ്രിതമാണ്. എന്നാൽ നിലവിലുള്ള അന്വേഷണത്തിന് ചന്ദ്രോപരിതലത്തിന്റെ ഏറ്റവും പുറം പാളി അളക്കാൻ കഴിയും,” സിഎഎസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി ആൻഡ് ജിയോഫിസിക്സിലെ ഗവേഷകനായ ലിൻ ഹോംഗ്ലെയ് പറഞ്ഞു. ഭൂമിയിലെ ആധികാരിക ചന്ദ്ര ഉപരിതല അവസ്ഥയെ അനുകരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനാൽ നിലവിലെ അളവ് വളരെ നിർണായകമാണെന്നും ലിൻ പറഞ്ഞു.

പഠനമനുസരിച്ച്, തിരിച്ചെത്തിയ Chang'e-5 സാമ്പിളുകളുടെ പ്രാഥമിക വിശകലനവുമായി ഫലങ്ങൾ പൊരുത്തപ്പെടുന്നു. ഈ കണ്ടെത്തലുകൾ ചൈനയുടെ Chang'e-6, Chang'e-7 ദൗത്യങ്ങളെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നു. അടുത്ത ദശാബ്ദങ്ങളിൽ മനുഷ്യരടങ്ങുന്ന ലൂണാർ സ്റ്റേഷനുകളുടെ നിർമ്മാണം പൈപ്പ് ലൈനിലാണ് എന്നതിനാൽ ചാന്ദ്ര ജലശേഖരത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ലോകശ്രദ്ധ നേടിയതായി റിപ്പോർട്ട് പറയുന്നു.

Post a Comment

0 Comments