65 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തുന്ന ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശത്ത് സ്പൈഡർ ഗെക്കോകൾ എങ്ങനെ അതിജീവിക്കുന്നു..?ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിൽ ജീവികൾ എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് ജർമ്മനിയിലെ ഒരു ഗവേഷക സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, അവർ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ചെറുതും  രാത്രിയിൽ സഞ്ചരിക്കുന്നതുമായ ഗെക്കോകളെ കേന്ദ്രീകരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. മിസോണിസ്‌ സ്‌പൈഡർ ഗെക്കോയുടെ (Rhinogekko misonnei) ആവാസ കേന്ദ്രമായ, ഇറാനിലെ ലൂട്ട് മരുഭൂമിയിലെ ഉപരിതല താപനില, ഈ ഗ്രഹത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും വളരെ ഉയർന്നതാണ്, പലപ്പോഴും ഈ പ്രദേശത്തെ താപനില 65 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതായി രേഖപ്പെടുത്തുന്നു. 


കഠിനമായ ചൂട് ജീവജാലങ്ങളുടെ വളർച്ചയെ വളരെ അധികം ബുദ്ധിമുട്ടാക്കും, അതുകൊണ്ട് തന്നെ, വർഷങ്ങളായി പരിസ്ഥിതി ശാസ്ത്രജ്ഞർ മരുഭൂമിയുടെ ഭൂരിഭാഗവും തരിശായി കണക്കാക്കുന്നു. എന്നാൽ, ഈ ചൂടേറിയ വിജനമായ പ്രദേശത്ത്, ഗെക്കോകൾ എങ്ങനെ അതിജീവിക്കുന്നു എന്നറിയാൻ, ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള സ്റ്റേറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ കീടശാസ്ത്രജ്ഞൻ ഹൊസൈൻ രാജായിയും സഹപ്രവർത്തകരും ഡിഎൻഎ മെറ്റാബാർകോഡിംഗ് ഉപയോഗിച്ച് ആറ് ഗെക്കോകളുടെ വയറിലെ ഉള്ളടക്കം വിശകലനം ചെയ്തു. ഈ സാങ്കേതികത, പലചരക്ക് കടയിലെ ബാർ കോഡ് സ്കാനർ പോലെ, ഡിഎൻഎയുടെ ഭാഗങ്ങളെ സ്പീഷീസ് ഐഡന്റിഫിക്കേഷൻ ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നു. “ഇത് വളരെ കൃത്യവും സമഗ്രവും വിശ്വസനീയവുമാണ്,” ഹൊസൈൻ രാജായി പറയുന്നു.


ഗെക്കോകളുടെ വയറിലെ ഡിഎൻഎ മെറ്റാബാർകോഡിംഗ് പരിശോധനയിൽ, അവയുടെ വയറിനുള്ളിൽ ഡൈജസ്റ്റീവ് ആയ ഭക്ഷണം സൂപ്പ് രൂപത്തിൽ കാണാൻ സാധിച്ചു. പ്രധാനമായും പ്രാണികൾ പോലുള്ള ജീവജാലങ്ങളെ ഭക്ഷിക്കുന്ന ഗെക്കോകളുടെ വയറിലെ സൂപ്പിനുള്ളിൽ 94 ഇനം ജീവജാലങ്ങളെ കണ്ടെത്തിയതായും, അവയിൽ 81 ശതമാനവും ലൂട്ട് മരുഭൂമിക്ക് പുറത്ത് വസിക്കുന്ന ജീവജാലങ്ങൾ ആണെന്നും, ഗവേഷക സംഘം നവംബർ 18 ന് ജേണൽ ഓഫ് സുവോളജിക്കൽ സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷണറി റിസർച്ചിൽ റിപ്പോർട്ട് ചെയ്യുന്നു.


"ലൂട്ട് മരുഭൂമിക്ക് പുറത്തുനിന്നുള്ളവരിൽ ഭൂരിഭാഗവും ഈച്ചകൾ, പാറ്റകൾ, കടന്നലുകൾ തുടങ്ങിയ ചിറകുള്ള പ്രാണികളായിരുന്നു, അവ മിതശീതോഷ്ണ ഭൂപ്രകൃതിയിൽ നിന്ന് മരുഭൂമിയിലേക്ക് കുടിയേറുന്നു. ശേഷിക്കുന്ന ഇനങ്ങളായ അരാക്നിഡുകൾ, ആർത്രോപോഡുകൾ എന്നിവയും വിവിധ തരം നിശാശലഭങ്ങളും ലൂട്ടിൽ വസിക്കന്നവരാണ്, പക്ഷെ ഗെക്കോകളുടെ വയറിൽ ശേഖരിക്കപ്പെട്ട ഇവയെല്ലാം, ഏതെല്ലാം ഇനങ്ങൾ ആണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല, കാരണം ഗെക്കോകളുടെ വയറിലെ സൂപ്പിനുള്ളിൽ അവ അവ്യക്തമാണ്. എന്നാൽ, ഈ മരുഭൂമിക്ക്‌ അപ്രതീക്ഷിതമായ വൈവിധ്യം ഉണ്ടെന്നും, ഈ മരുഭൂമിയിൽ കണ്ണിൽ കാണുന്നതിലും കൂടുതൽ ജീവികൾ ജീവിക്കുന്നുവെന്നും ഈ തെളിവുകൾ എടുത്തുകാണിക്കുന്നു," ഹൊസൈൻ രാജായി പറയുന്നു.


"മൃഗങ്ങൾക്ക് ശത്രുതാപരമായ ആവാസ വ്യവസ്ഥകളിൽ അതിജീവിക്കാൻ ഇഴചേർന്ന ഭക്ഷ്യ വലകളുടെ പ്രാധാന്യം ഈ കണ്ടെത്തലുകൾ അടിവരയിടുന്നു," ഗവേഷണത്തിൽ ഏർപ്പെടാത്ത പ്രിൻസ്റ്റൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ റോബർട്ട് പ്രിംഗിൾ പറഞ്ഞു. “ലൂട്ട് പ്രദേശത്തിന് പുറത്ത് നിന്നുള്ള പ്രാണികളുടെ കടന്നുകയറ്റം, ഗെക്കോകൾക്ക് ആവശ്യമുള്ള ഭക്ഷണം നൽകുകയും, ഈ മരുഭൂമിയിലെ ഈ പരിതസ്ഥിതിയിൽ നിലനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു,” റോബർട്ട് പ്രിംഗിൾ കൂട്ടിച്ചേർത്തു.

Post a Comment

0 Comments