ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ടുകളെ സൃഷ്ടിച്ചതിന് ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞർ റോബോട്ടുകൾക്ക് ഇപ്പോൾ സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പുനരുൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തി, ഒരു ശാസ്ത്രീയ പഠനത്തെ ഉദ്ധരിച്ച് തിങ്കളാഴ്ച്ച CNN ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ശാസ്ത്രജ്ഞർ xenobot-കളെ "ആദ്യത്തെ, സ്വയം പുനരുൽപ്പാദിപ്പിക്കുന്ന ജീവനുള്ള റോബോട്ടുകൾ" എന്ന് വിളിക്കുന്നു.
വെർമോണ്ട് സർവകലാശാലയിലെയും ടഫ്റ്റ്സ് സർവകലാശാലയിലെയും ഹാർവാർഡ് സർവകലാശാലയിലെയും വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ ഇൻസ്പേർഡ് എഞ്ചിനീയറിംഗിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞർ, ഇവയ്ക്ക് നീങ്ങാനും കൂട്ടമായി പ്രവർത്തിക്കാനും സ്വയം സുഖപ്പെടുത്താനും കഴിയുമെന്ന് കണ്ടെത്തിയതിന് ശേഷമാണ് 2020-ൽ ഈ ചെറിയ ജീവികളെ അനാവരണം ചെയ്തത്.
Xenobot-കൾക്ക് ഒരു മില്ലിമീറ്ററിൽ താഴെയാണ് വലിപ്പം, ആഫ്രിക്കൻ ക്ലൗഡ് ഫ്രോഗിന്റെ മൂലകോശങ്ങളിൽ നിന്നാണ് ഇവയെ സൃഷ്ടിച്ചത്. ശാസ്ത്രീയമായി Xenopus laevis എന്നറിയപ്പെടുന്നു. പുതിയ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് ഫലപ്രദമാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസറും അല്ലെൻ ഡിസ്കവറി സെന്ററിന്റെ ഡയറക്ടറുമായ മൈക്കൽ ലെവിൻ CNN-നോട് പറഞ്ഞു, "തവളകൾക്ക് പുനരുൽപ്പാദിപ്പിക്കാനുള്ള ഒരു അടിസ്ഥാന മാർഗമുണ്ട്. എന്നാൽ നിങ്ങൾ അവയുടെ ഭ്രൂണത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് കോശങ്ങളെ മോചിപ്പിക്കുമ്പോൾ, ഒരു പുതിയ പരിതസ്ഥിതിയിൽ അവയ്ക്ക് എങ്ങനെ ജീവിക്കാം എന്ന് മനസിലാക്കാൻ നിങ്ങൾ അവർക്ക് ഒരു അവസരം നൽകുന്നു. അവർ നീങ്ങാനുള്ള ഒരു പുതിയ വഴി കണ്ടുപിടിക്കുക മാത്രമല്ല, പ്രത്യക്ഷത്തിൽ പുനരുൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാർഗം കണ്ടെത്തുകയും ചെയ്യുന്നു."
"ഇവ എല്ലാം ചുറ്റി സഞ്ചരിക്കുകയും അവയുടെ പകർപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു," ഗവേഷണത്തിന്റെ പ്രധാനിയായ വെർമോണ്ട് സർവകലാശാലയിലെ ജോഷ് ബോംഗാർഡ് ദി ഗാർഡിയനോട് പറഞ്ഞു. “ഇവ വളരെ ചെറുതും ബയോഡീഗ്രേഡബിൾ, ബയോ കോംപാറ്റിബിൾ മെഷീനുകളാണ്, ശുദ്ധജലത്തിൽ അവ തികച്ചും സന്തുഷ്ടരാണ്,” അദ്ദേഹം പറഞ്ഞു. ജലസ്രോതസുകളിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കുന്നത് സമീപകാല ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മില്ലിമീറ്റർ വലിപ്പമുള്ള ലിവിംഗ് മെഷീനുകൾ, പൂർണ്ണമായും ഒരു ലബോറട്ടറിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഫെഡറൽ, സ്റ്റേറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് വിദഗ്ദ്ധർ ഇതിന്റെ പ്രവർത്തനം പരിശോധിച്ചു. കൊറോണ വൈറസിന്റെ ഒന്നിലധികം സ്ട്രെയിനുകൾക്കുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഒരു മാർഗമായി ഇത് ഉപയോഗിക്കാം എന്ന് ബോംഗാർഡ് ഇതിന്റെ ഉപയോഗങ്ങളുടെ ഉദാഹരണമായി മുന്നോട്ട് വെക്കുന്നു.
“നമുക്ക് പരിഹാരങ്ങൾ നിർമ്മിക്കാൻ കഴിയുന്ന വേഗത വളരെ പ്രധാനമാണ്. നമുക്ക് സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കഴിയുമെങ്കിൽ, Xenobots-ൽ നിന്ന് പഠിക്കാം, അവിടെ നമുക്ക് AI- യോട് പെട്ടെന്ന് പറയാൻ കഴിയും, 'നമുക്ക് X ഉം Y ഉം ചെയ്യുന്നതും Z അടിച്ചമർത്തുന്നതുമായ ഒരു ബയോളജിക്കൽ ടൂൾ ആവശ്യമാണ്,' അത് വളരെ ഗുണം ചെയ്യും. ഇന്ന്, അത് വളരെയധികം സമയമെടുക്കുന്നു. ”
അതിനിടെ, CNN-നോട് സംസാരിക്കുമ്പോൾ, ബോംഗാർഡ് ഹൈലൈറ്റ് ചെയ്തു, "റോബോട്ടുകൾ ലോഹവും സെറാമിക്കും കൊണ്ട് നിർമ്മിച്ച വെറും ഒരു വസ്തുവാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ, ഒരു റോബോട്ട് നിർമ്മിക്കുന്നത് എന്തുകൊണ്ടെന്നത് പ്രധാനമല്ല, മറിച്ച് അത് എന്താണ് മനുഷ്യർക്ക് വേണ്ടി ചെയ്യുന്നത്, അല്ലെങ്കിൽ അത് ആളുകൾക്ക് വേണ്ടി എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനം". തിങ്കളാഴ്ച്ച പിഎൻഎഎസ് എന്ന ശാസ്ത്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
0 Comments