ചന്ദ്രദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത 10 ബഹിരാകാശ സഞ്ചാരികളിൽ ഇന്ത്യൻ വംശജനായ ഡോക്ടർ അനിൽ മേനോൻ


അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ലെഫ്റ്റനന്റ് കേണൽ, ഫിസീഷ്യൻ അനിൽ മേനോൻ, ഭാവി ദൗത്യങ്ങൾക്കായി NASA തിരഞ്ഞെടുത്ത പത്ത് ബഹിരാകാശ സഞ്ചാരികളിൽ ഉൾപ്പെട്ടു. 45 കാരനായ അനിൽ മേനോൻ, മിനസോട്ടയിലെ മിനിയാപൊളിസിൽ കുടിയേറ്റക്കാരായ ഉക്രേനിയൻ - ഇന്ത്യൻ ദമ്പതികളുടെ മകനായിയാണ് ജനിച്ചത്. NASA-യുടെ SpaceX ഡെമോ-2 ദൗത്യത്തിന്റെ ഭാഗമായി, മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാൻ തയ്യാറെടുക്കുന്ന SpaceX-ന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനായിരുന്നു അദ്ദേഹം. അമേരിക്കയെ പ്രതിനിധീകരിച്ച് ബഹിരാകാശത്ത് മനുഷ്യരാശിയുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ 12,000-ത്തിലധികം അപേക്ഷകരുള്ളതിൽ നിന്നാണ്, 10 പുതിയ ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തത് എന്ന് NASA ഒരു പ്രസ്താവനയിൽ അറിയിച്ചു.


NASA അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ, 2021 ലെ ബഹിരാകാശയാത്രിക ക്ലാസിലെ അംഗങ്ങളെ പരിചയപ്പെടുത്തി. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള എല്ലിംഗ്ടൺ ഫീൽഡിൽ തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് അംഗങ്ങളെ പരിചയപ്പെടുത്തിയത്. “ഇന്ന് ഞങ്ങൾ NASA-യുടെ 2021-ലെ ബഹിരാകാശയാത്രിക കാൻഡിഡേറ്റ് ക്ലാസിലെ 10 പുതിയ പര്യവേക്ഷകരെ സ്വാഗതം ചെയ്യുന്നു,” നെൽസൺ പറഞ്ഞു. "ഒറ്റയ്ക്ക്, ഓരോ കാൻഡിഡേറ്റുകൾക്കും വ്യക്തിപരമായ കഴിവുകൾ ഉണ്ടാകും, എന്നാൽ, അവർ ഇപ്പോൾ ഒരുമിച്ച് നമ്മുടെ രാജ്യത്തിന്റെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു," നെൽസൺ കൂട്ടിച്ചേർത്തു. 


ബഹിരാകാശയാത്രികരായ കാൻഡിഡേറ്റുകൾക്കുള്ള രണ്ട് വർഷത്തെ പരിശീലനം, 2022 ജനുവരിയിൽ ആരംഭിക്കും. ബഹിരാകാശയാത്രികരുടെ പരിശീലനം അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ സങ്കീർണ്ണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക, ബഹിരാകാശ നടത്തത്തിനുള്ള പരിശീലനം, സങ്കീർണ്ണമായ റോബോട്ടിക്‌സ് കഴിവുകൾ വികസിപ്പിക്കുക, ടി-38 പരിശീലന ജെറ്റ് സുരക്ഷിതമായി പ്രവർത്തിപ്പിക്കുക, റഷ്യൻ ഭാഷാ വൈദഗ്ദ്ധ്യം എന്നിവയാണ് അഞ്ച് പ്രധാന പരിശീലന വിഭാഗങ്ങൾ. 


പരിശീലനം പൂർത്തിയാകുമ്പോൾ, ബഹിരാകാശ നിലയത്തിൽ ഗവേഷണം നടത്തുന്നതിനും വാണിജ്യ കമ്പനികൾ നിർമ്മിച്ച ബഹിരാകാശ പേടകത്തിൽ അമേരിക്കൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്നതിനും NASA-യുടെ Orion ബഹിരാകാശ പേടകത്തിലൂടെ ചന്ദ്രൻ ഉൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾ ഉൾപ്പെടുന്ന ദൗത്യങ്ങളിലേക്ക് പുതിയ ബഹിരാകാശയാത്രികരെ നിയോഗിക്കാം. “നിങ്ങൾ ഓരോരുത്തർക്കും അതിശയകരമായ പശ്ചാത്തലങ്ങളുണ്ട്. ഞങ്ങളുടെ ബഹിരാകാശ യാത്രിക സേനയിലേക്ക് നിങ്ങൾ വൈവിധ്യങ്ങൾ കൊണ്ടുവരുന്നു, കൂടാതെ പൊതു സേവനത്തിന്റെ ഏറ്റവും ഉയർന്നതും ആവേശകരവുമായ ഒരു രൂപത്തിലേക്ക് നിങ്ങൾ ചുവടുവച്ചു,” മുൻ NASA ബഹിരാകാശയാത്രികനും NASA-യുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുമായ പാം മെൽറോയ് പുതിയ കാൻഡിഡേറ്റുകളോട് പറഞ്ഞു. 


ആരാണ് അനിൽ മേനോൻ?


നാസയുടെ പ്രൊഫൈൽ അനുസരിച്ച്, അനിൽ മേനോൻ 1999-ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും 2004-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. 2009-ൽ സ്റ്റാൻഫോർഡ് മെഡിക്കൽ സ്‌കൂളിൽ നിന്ന് ഡോക്‌ടർ ഓഫ് മെഡിസിൻ ബിരുദം നേടി. പോളിയോ വാക്സിനേഷൻ പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി റോട്ടറി അംബാസഡോറിയൽ സ്കോളറായി ഒരു വർഷം അദ്ദേഹം ഇന്ത്യയിൽ ചെലവഴിച്ചു.ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രൂ ഫ്ലൈറ്റ് സർജനായി അനിൽ മേനോൻ മുമ്പ് NASA-യിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് മെഡിസിനിൽ ഫെലോഷിപ്പ് പരിശീലനവുമായി സജീവമായി പ്രാക്ടീസ് ചെയ്യുന്ന എമർജൻസി മെഡിസിൻ ഫിസിഷ്യനാണ് അദ്ദേഹം. ഒരു ഫിസിഷ്യൻ എന്ന നിലയിൽ, 2010 ലെ ഹെയ്തിയിലെ ഭൂകമ്പത്തിലും 2015 ലെ നേപ്പാളിലെ ഭൂകമ്പത്തിലും 2011 ലെ റെനോ എയർ ഷോ അപകടത്തിലും ആദ്യം പ്രതികരിച്ച ഒരാളാണ് അദ്ദേഹം. വ്യോമസേനയിൽ, അനിൽ മേനോൻ 45-ാമത്തെ ബഹിരാകാശ വിഭാഗ ഫ്ലൈറ്റ് സർജനായും, 173-ആം ഫൈറ്റർ വിങ്ങായും പിന്തുണച്ച് പ്രവർത്തിച്ചു.

Post a Comment

0 Comments