വായു മലിനീകരണത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന നൂതനാശയങ്ങളുള്ള ഡൽഹി യുവാവ്..! വിദ്യുത് മോഹനെ നേരിട്ട് കണ്ടു അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി | Vidyut Mohan


ഇന്ത്യക്കാരനായ വിദ്യുത് മോഹൻ, വായു മലിനീകരണത്തിനുള്ള പരിഹാരമായി കണ്ടുപിടിച്ച പോർട്ടബിളും ചെലവ് കുറഞ്ഞതുമായ യന്ത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ദ്വിദിന യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ വെച്ച് ഡൽഹിക്കാരനായ മെക്കാനിക്കൽ എഞ്ചിനീയർ വിദ്യുത് മോഹനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

ഡൽഹിയിലെ വിഷാംശം നിറഞ്ഞ വായു മലിനീകരണം കാരണം തന്റെ മുത്തശ്ശിക്ക് പലപ്പോഴും അസുഖം വരുന്നത് 30 കാരനായ വിദ്യുത് മോഹൻ കാണാറുണ്ട്. തുടർന്നാണ്, വായു മലിനീകരണത്തെ നിയന്ത്രിച്ച് ശുദ്ധവായു അധികരിപ്പിക്കാനുള്ള പരിഹാരം കണ്ടെത്താൻ വിദ്യുത് തീരുമാനിച്ചത്. ഒടുവിൽ, അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന് എർത്ത്ഷോട്ട് അവാർഡും ലഭിച്ചു. ടൺ കണക്കിന് വരുന്ന കാർഷിക മാലിന്യങ്ങളെ പുനരുപയോഗിക്കാവുന്ന ഇന്ധനമായും വളമായും മാറ്റാൻ കഴിയുന്ന ചെറിയ തോതിലുള്ള ഒരു ഉപകരണമാണ് വിദ്യുത്തിന്റെ കണ്ടുപിടിത്തം. ഈ വികേന്ദ്രീകൃത ഉപകരണത്തിന് അരി, വൈക്കോൽ, തെങ്ങിൻ തോടുകൾ എന്നിവയിൽ നിന്ന് ഊർജ്ജം സൃഷ്ടിക്കാൻ കഴിയും. യന്ത്രത്തിൽ ഒരു കോഫി റോസ്റ്ററിന്റെ പ്രവർത്തന തത്വമാണ് ഉപയോഗിച്ചിരിക്കുന്നത്. 

നിയന്ത്രിത ഊഷ്മാവിൽ ചൂടാക്കുന്ന മാലിന്യങ്ങൾ ഇന്ധനം, രാസവളങ്ങൾ, കാർഷിക ഭൂമിയിൽ ഉപയോഗിക്കുന്നതിനുള്ള മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കും. ഉപകരണം ഉത്തരാഖണ്ഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു, ഇപ്പോൾ ഒന്നിലധികം സ്ഥലങ്ങളിൽ പരീക്ഷിച്ചുവരികയാണ്. 98% വരെ കാർബന്റെ പുറന്തള്ളൽ കുറയ്ക്കാൻ കഴിയുന്ന സാങ്കേതികവിദ്യയ്ക്ക്, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. Takachar.com ന്റെ സ്ഥാപകനായ വിദ്യുത് മോഹൻ, പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച്ച, തന്റെ കണ്ടുപിടുത്തത്തെ സർക്കാരുമായി ചേർന്ന് ഇന്ത്യയിൽ വലിയ തോതിൽ വികസിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

"പ്രധാനമന്ത്രി മോദിയുമായുള്ള എന്റെ കൂടിക്കാഴ്ച വളരെ ചെറുതായിരുന്നു, രണ്ട് മിനിറ്റ് മാത്രം. അതിനുള്ളിൽ അദ്ദേഹം കൗതുകത്തോടെ, യന്ത്രം എങ്ങനെ പ്രവർത്തിക്കുന്നു, കർഷകർക്ക് എങ്ങനെ ലഭ്യമാക്കാം, എങ്ങനെ നിർമ്മിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. ഈ പരിഹാരം എത്രയും വേഗം ആളുകളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, ഞങ്ങൾക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. പക്ഷെ, സർക്കാരിന് ഇതിൽ വലിയ പങ്ക് വഹിക്കാനാകും, കൂടാതെ സ്വകാര്യ കോർപ്പറേഷനുകൾക്കും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയും. അങ്ങനെ ഈ പദ്ധതി വിജയകരമായി പ്രവർത്തിപ്പിക്കാം," വിദ്യുത് മോഹൻ പറഞ്ഞു.

ആഗോളതലത്തിൽ, ഓരോ വർഷവും 120 ബില്യൺ ഡോളർ മൂല്യമുള്ള കാർഷിക മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. പുതിയ പ്ലാന്റേഷൻ ഒരുക്കുന്നതിനായി ഭൂമി വൃത്തിയാക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ് മാലിന്യം കത്തിക്കുന്നതെന്ന് ഇന്ത്യയിലെ കാർഷിക-പ്രേരിത സമ്പദ്‌വ്യവസ്ഥയിലെ ഭൂരിഭാഗം കർഷകരും വിശ്വസിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കൃഷിയിടങ്ങൾ കത്തിക്കുന്നത് വായു മലിനീകരണത്തിലേക്ക് നയിക്കുന്നു, ഇത് പ്രതിവർഷം 7 ദശലക്ഷം ആളുകളെ കൊല്ലുന്നു.


കറുത്ത കാർബണിന്റെ ഏറ്റവും വലിയ ഉറവിടം കൂടിയാണിത്. മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതിനോടൊപ്പം ഹിമാലയൻ ഹിമാനികൾ ഉരുകുന്നത് വേഗത്തിലാക്കാനും ഇത്‌ കാരണമാകുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ COP26 ഉച്ചകോടിയിൽ 2070 ഓടെ നെറ്റ്-സീറോയിലെത്തുമെന്ന് ഇന്ത്യ അടുത്തിടെ പ്രതിജ്ഞയെടുത്തിരുന്നു. വായുവിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ വിദ്യുത് മോഹൻ കണ്ടുപിടിച്ചത് പോലുള്ള പരിഹാരങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. 

Post a Comment

0 Comments