SpaceX ജനുവരിയിൽ ആദ്യത്തെ സ്റ്റാർഷിപ്പ് പരിക്രമണ വിക്ഷേപണത്തിന് ശ്രമിക്കും


അമേരിക്കൻ ബഹിരാകാശ ട്രാൻസ്‌പോർറ്റേഷൻ നിർമ്മാതാക്കളായ SpaceX, ബുള്ളറ്റ് ആകൃതിയിലുള്ള സ്റ്റാർഷിപ്പ് ജനുവരിയിൽ ഭ്രമണപഥത്തിലെത്തിക്കാൻ ശ്രമിക്കും. ദൗത്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും, ദൗത്യം വിജയകരമാവും എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല എന്നും SpaceX സ്ഥാപകൻ എലോൺ മസ്‌ക് പറഞ്ഞു. എങ്കിലും തങ്ങൾ ദൗത്യം വിജയകരമാക്കാൻ പരിശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഇത്‌ ആദ്യ വിക്ഷേപണമായത് കൊണ്ട് തന്നെ ധാരാളം ബുദ്ധിമുട്ടുകളുണ്ട്, അതിനാൽ ഇത് വിജയിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ പറയില്ല, പക്ഷേ ഞങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും," നാഷണൽ അക്കാദമി ഓഫ് സയൻസസ് സംഘടിപ്പിച്ച ഒരു വെർച്വൽ മീറ്റിംഗിൽ മസ്ക് പറഞ്ഞു. 2025-ൽ തന്നെ ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കുന്നതിനായി സ്റ്റാർഷിപ്പ് ഉപയോഗിക്കുന്നതിന് SpaceX-ഉമായി NASA കരാർ ഉണ്ടാക്കിയിട്ടുണ്ട്. 

ഒരു മെഗാ ബൂസ്റ്ററിന് മുകളിലൂടെ ആദ്യമായി വിക്ഷേപിക്കുന്ന സ്റ്റാർഷിപ്പ് 2022-ൽ വിജയകരമായി ഭ്രമണപഥത്തിലെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മസ്‌ക് പറഞ്ഞു. അടുത്ത വർഷം ഒരു ഡസനോളം പരിക്രമണ പരീക്ഷണ പറക്കലുകൾക്ക് ശേഷം, SpaceX വിലയേറിയ ഉപഗ്രഹങ്ങളും മറ്റ് പേലോഡുകളും 2023 ഓടെ വിക്ഷേപിക്കാൻ തുടങ്ങും എന്നും മസ്ക് പറഞ്ഞു.

സ്റ്റാർഷിപ്പും അതിന്റെ ആദ്യഘട്ട ബൂസ്റ്ററും 'സൂപ്പർ ഹെവി' എന്ന് വിളിക്കപ്പെടുന്നു. ഇത്‌ 394 അടി ഉയരത്തിൽ പറക്കുന്ന ഏറ്റവും വലിയ റോക്കറ്റായിരിക്കും. ഇത്‌ അരനൂറ്റാണ്ട് മുമ്പ് ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ എത്തിച്ച NASA-യുടെ Saturn V റോക്കറ്റുകളുടെ ഇരട്ടിയിലധികം വരും എന്ന് മസ്‌ക് സൂചിപ്പിച്ചു. 

എഞ്ചിനീയർമാർ അടുത്ത വർഷം ലോഞ്ച് ചെയ്യാൻ സ്റ്റാർഷിപ്പ് തയ്യാറാക്കുമ്പോൾ, ഒരു ഫുൾ സ്കെയിൽ സ്റ്റാർഷിപ്പ് മോഡൽ മെയ് മാസത്തിൽ 10 കിലോമീറ്ററിലധികം ഉയരത്തിൽ പറന്നു, ടെക്സസിന്റെ തെക്കേ അറ്റത്തുള്ള SpaceX സമുച്ചയത്തിൽ അത്‌ വിജയകരമായി തിരിച്ചെത്തുകയും ചെയ്തു. ഇന്നുവരെ, സ്റ്റാർഷിപ്പിന്റെ നിർമ്മാണച്ചെലവിന്റെ 90 ശതമാനവും SpaceX തന്നെയാണ് വഹിക്കുന്നതെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു, ബാക്കിയുള്ളവ NASA-യുടെ ലൂണാർ ലാൻഡർ കരാർ ഉപയോഗിച്ച് കവർ ചെയ്യുന്നു. എന്നാൽ, ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ആദ്യ പരിക്രമണ പരീക്ഷണ പറക്കലിനുള്ള സ്റ്റാർഷിപ്പും സൂപ്പർ ഹെവിയും പൂർത്തിയായതായി മസ്‌ക് പറഞ്ഞു. നവംബർ അവസാനത്തോടെ, ലോഞ്ച് പാഡും ടവറും ഡിസംബറിൽ പരീക്ഷണം നടത്തി പൂർത്തിയാക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അതിന്റെ അവലോകനം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കണം, എങ്കിൽ ഇത്‌ 2022  ജനുവരിയിലോ ഫെബ്രുവരിയിലോ ലോഞ്ച് ചെയ്യും, മസ്‌ക് അഭിപ്രായപ്പെട്ടു.

വരുംകാലത്ത് ഒന്നിലധികം സ്റ്റാർഷിപ്പുകൾ നിർമ്മിക്കാൻ മസ്ക് പദ്ധതിയിടുന്നു. തന്റെ ആത്യന്തിക ലക്ഷ്യം നിർവാഹമാകണമെങ്കിൽ 1,000  സ്റ്റാർഷിപ്പുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള പേടക നിർമ്മാണം വഴി SpaceX ഇതിനകം തന്നെ വാണിജ്യ ബഹിരാകാശ പ്രവർത്തനങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി വളർന്നിട്ടുണ്ട്. 

Post a Comment

0 Comments