ഇന്ത്യയുടെ ആദ്യ മനുഷ്യവാഹക സമുദ്ര ദൗത്യമായി 'Samudrayaan' : ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുമ്പോൾ മറ്റൊരാൾ ഇനി സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങും


ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും കടലുകളാലും സമുദ്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. കടൽ ഇന്ത്യയുടെ ഒരു പ്രധാന സാമ്പത്തിക ഘടകമായിട്ടും, ആഴക്കടലിന്റെ 95 ശതമാനവും ഇനിയും പര്യവേക്ഷണം ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മത്സ്യബന്ധനം, മത്സ്യകൃഷി, വിനോദസഞ്ചാരം തുടങ്ങിയവ ഉപജീവനമാർഗങ്ങളാക്കിയ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനവും തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. സമുദ്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഇന്ത്യ  ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി ആദ്യത്തെ മനുഷ്യവാഹക സമുദ്ര ദൗത്യമായ 'സമുദ്രയാൻ' ആരംഭിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം കൈകാര്യം ചെയ്യുന്ന 4,077 കോടി രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന ഡീപ് ഓഷ്യൻ മിഷനായ 'സമുദ്രയാൻ' കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.

ഇതോടെ സമുദ്രത്തിനടിയിലുള്ള പ്രവർത്തനങ്ങൾക്കായി ഇത്തരം അണ്ടർവാട്ടർ വാഹനങ്ങളുള്ള യുഎസ്എ, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന എലൈറ്റ് ക്ലബ്ബിൽ ഇന്ത്യ അംഗമായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ രാജ്യം വൻ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുമ്പോൾ മറ്റൊരാൾ സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുമെന്നും ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) നിയന്ത്രിക്കുന്ന 'സമുദ്രയാൻ' സംരംഭം, തദ്ദേശീയമായി അണ്ടർവാട്ടർ വാഹനത്തിൽ ആളുകളെ ആഴക്കടലിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു.

സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി ചേർന്നാണ് 'മത്സ്യ 6000' എന്ന ആഴക്കടൽ വാഹനം വികസിപ്പിക്കുന്നത്. 2.1 മീറ്റർ വ്യാസമുള്ള അടഞ്ഞ കമ്പാർട്ട്‌മെന്റുള്ള ടൈറ്റാനിയം അലോയ് സ്‌ഫിയറിൽ മൂന്ന് പേർക്ക് സഞ്ചരിക്കാനാകും. അടച്ചിട്ട കമ്പാർട്ടുമെന്റിൽ 12 മണിക്കൂർ സമയം ആളുകൾക്ക് ചെലവഴിക്കാൻ കഴിയും, കൂടാതെ അടിയന്തര ഘട്ടങ്ങളിൽ 96 മണിക്കൂർ വരെ തങ്ങാം. പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കോബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ സമുദ്രത്തിന്റെ ആഴത്തിലുള്ള ജീവനില്ലാത്ത വിഭവങ്ങളുടെ പര്യവേക്ഷണം നടത്തുന്നതിന് മിഷന്റെ സാങ്കേതികവിദ്യ സഹായിക്കുന്നു.

NIOT വക്താവ് പറയുന്നതനുസരിച്ച്, 2024 ഡിസംബറോടെ 'മത്സ്യ 6000' സർട്ടിഫിക്കേഷൻ പരിശോധനയ്ക്ക് തയ്യാറാകും. 'മത്സ്യ 6000' എന്ന ആഴക്കടൽ വാഹനം, ഗവേഷകർക്ക് കടലുകളും സമുദ്രങ്ങളും പര്യവേക്ഷണം ചെയ്യാനും സമുദ്രത്തിന്റെ അടിത്തട്ട് സ്കാൻ ചെയ്ത് വിവരങ്ങളും മാതൃകകളും ശേഖരിക്കാനും കഴിയും. NIOT-യിൽ, വാഹനം രൂപകൽപന ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, വാഹനം ഉയർന്ന മർദ്ദമുള്ള ആഴക്കടൽ പരിതസ്ഥിതികളിൽ ഉപയോഗിക്കുന്നതിനായി, വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും ലോകമെമ്പാടുമുള്ള വിപണികളിൽ നിന്നും ശേഖരിച്ചു വരികയാണ്.


ബാറ്ററിയിൽ പ്രവർത്തിക്കുന്ന ത്രസ്റ്ററുകൾ ഉപയോഗിച്ച് ആഴക്കടൽ വാഹനം 6,000 മീറ്റർ ആഴത്തിൽ ആറ് ഡിഗ്രിയിൽ നാല് മണിക്കൂർ സമയം ആഴക്കടലിൽ സഞ്ചരിക്കും. മനുഷ്യന്റെ സാന്നിദ്ധ്യത്തിൽ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്തുന്നതിന് ഏതെങ്കിലും ഗാഡ്‌ജെറ്റുകളോ സെൻസറുകളോ ആഴക്കടലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഈ വാഹനം പ്രവർത്തിക്കും. പ്രാദേശിക ഇൻഡസ്ട്രിയൽ നിന്നുള്ള മൈൽഡ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഒരു 'പേഴ്‌സണൽ സ്‌ഫിയർ', കഴിഞ്ഞ മാസം NIOT കടലിൽ പരീക്ഷിച്ചു. 500 മീറ്റർ ആഴത്തിൽ പ്രവർത്തന ശേഷിയുള്ള വാഹനമാണ് പരീക്ഷണാർത്ഥം നിർമ്മിച്ചത്. 

Post a Comment

0 Comments