ലിയനാർഡോ ഡാവിഞ്ചിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയിന്റിംഗ് വ്യാജം…! പുതിയ കണ്ടെത്തൽ ഇങ്ങനെ 'Salvator Mundi'

 


ലിയനാർഡോ ഡാവിഞ്ചിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയിന്റിംഗ് വ്യാജമാവാം എന്ന് കണ്ടെത്തി. പുരുഷ മൊണാലിസ എന്ന് വിളിക്കപ്പെടുന്ന യേശുവിന്റെ ശ്രദ്ധേയമായ ചിത്രമായ 'Salvator Mundi', 2017-ൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ 450 മില്യൺ ഡോളർ (342 മില്യൺ പൗണ്ട്) നൽകി വാങ്ങിയതായി കരുതപ്പെടുന്നു.

ലിയനാർഡോ ഡാവിഞ്ചിയുടേതെന്ന് ആദ്യം വിശ്വസിച്ചിരുന്ന 'Salvator Mundi', അദ്ദേഹം വരച്ചതല്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെക്കാലമായി നഷ്‌ടപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഇത്‌ കണ്ടെത്തിയതിന് ശേഷം, ഡാവിഞ്ചിയാണ് ഇത്‌ വരച്ചതെന്ന് ആധികാരികമായി വിശ്വസിക്കപ്പെടുകയും ലോകമെമ്പാടുമുള്ള വിദഗ്ധർ പരിശോധിച്ചുറപ്പിക്കുകയും ചെയ്തു.

എന്നാൽ ഛായാചിത്രം നവോത്ഥാന ആചാര്യനായ ലിയനാർഡോ ഡാവിഞ്ചി വരച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റൊരാൾ വരച്ചതാണെന്നാണ് പുതിയ കണ്ടെത്തൽ. എന്നാൽ, ചിത്രത്തിൽ ഡാവിഞ്ചിയുടെ തന്നെ ബ്രഷ് സ്‌ട്രോക്കുകൾക്ക് സമാനമായത് എന്തെങ്കിലും ഉണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഒരു സഹായിയോ വിദ്യാർത്ഥിയോ വരച്ചതാവാനാണ് സാധ്യത എന്നാണ് ഇപ്പോൾ കരുതുന്നത്.

ദി ആർട്ട് ന്യൂസ്‌പേപ്പർ വെളിപ്പെടുത്തിയ ഈ റിപ്പോർട്ട്, ഐതിഹാസിക പെയിന്റിംഗിന്റെ മൂല്യത്തെ ഇല്ലാതാക്കും. 2017-ൽ ഔദ്യോഗികമായി ബിഡ് ഇട്ട് ഈ ചിത്രം വാങ്ങിയത് സൗദി രാജകുമാരൻ ബാദർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഫർഹാൻ അൽ-സൗദ് ആയിരുന്നു. സൗദി രാജകുടുംബത്തിലെ ഈ അംഗം, ആർട്ട്‌ കളക്ഷനിൽ വലിയ പരിചയമില്ലാത്ത വ്യക്തിയാണ്. 

എന്നാൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് വേണ്ടിയാണ് അദ്ദേഹം ഈ മാസ്റ്റർപീസ് വാങ്ങിയത് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിന്നു, അങ്ങനെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പെയിന്റിംഗിന്റെ യഥാർത്ഥ ഉടമയായി കണക്കാക്കുന്നു. അങ്ങനെയാണെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല, കാരണം വലിയ കിരീട ചരിത്രങ്ങളൊന്നുമില്ലാത്ത ഇംഗ്ലീഷ് ക്ലബ്‌ ന്യൂകാസ്റ്റിൽ യുണൈറ്റഡ് 305 മില്യണിലധികം പൗണ്ട് നൽകിയാണ് മുഹമ്മദ് ബിൻ സൽമാൻ സ്വന്തമാക്കിയത്. 

ലണ്ടനിലെ പ്രശസ്തമായ നാഷണൽ ഗാലറി 2011-ൽ ഈ ചിത്രം ഒരു നല്ല ഡാവിഞ്ചി ചിത്രമായി അവതരിപ്പിച്ചു, എന്നാൽ ആർട്ട് ക്യൂറേറ്ററും ചരിത്രകാരനുമായ വിൻസെന്റ് ഡെലിയുവിൻ ചിത്രത്തിന്റെ നിലവാരത്തിൽ സംശയം ഉയർത്തി, ചിത്രത്തിന്റെ ചില ഭാഗങ്ങൾ "അതിശയകരമാംവിധം മോശം നിലവാരമുള്ളതാണെന്ന്" അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഈ മാസം മാഡ്രിഡിലെ പ്രാഡോ മ്യൂസിയം, ഡാവിഞ്ചിയുടെ കലാസൃഷ്‌ടി സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിനായി സംഘടിപ്പിച്ച, "Leonardo and the copy of the Mona Lisa" എന്ന പ്രദർശനത്തിനായുള്ള കാറ്റലോഗ് ലിസ്റ്റിൽ നിന്ന് 'Salvator Mundi'യെ തരംതാഴ്ത്തി. ജനുവരി 23 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം, "ഡാവിഞ്ചിയുടെ ജീവിതകാലത്ത് ബോട്ടെഗ വിൻസിയാനയിൽ (ലിയോനാർഡോയുടെ വർക്ക്ഷോപ്പ്) അദ്ദേഹം സൃഷ്ടിച്ച പകർപ്പുകളുടെയും സൃഷ്ടികളുടെയും സ്വഭാവത്തെ കേന്ദ്രീകരിക്കുന്നു."

കാറ്റലോഗിൽ ഇങ്ങനെ പറയുന്നു, "ഡാവിഞ്ചിക്ക് തന്റെ മറ്റ് ചില ജോലികൾ കാരണം പെയിന്റ് ചെയ്യാൻ പ്രയാസമുള്ള കാലങ്ങളുണ്ടായിരുന്നു, അന്ന് അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ അദ്ദേഹത്തിന് വേണ്ടി ആ ചുമതല ഏറ്റെടുത്തു." ഡാവിഞ്ചിയുടെ പെയിന്റിംഗുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഒന്ന് "ലിയോനാർഡോ വരച്ചത്", മറ്റൊന്ന് "ലിയോനാർഡോയുടെ അംഗീകാരത്തോട് കൂടിയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലോ വരച്ചത്". 'Salvator Mundi' ഇതിൽ രണ്ടാമത്തെ വിഭാഗത്തിന് കീഴിൽ വരുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.


Post a Comment

0 Comments