ചായയും കാപ്പിയും കുടിക്കുന്നത് സ്‌ട്രോക്ക്, ഡിമെൻഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു | Coffee and Tea might increase chance of stroke


കാപ്പിയോ ചായയോ കുടിക്കുന്നത് സ്ട്രോക്കിന്റെയും ഡിമെൻഷ്യയുടെയും അപകടസാധ്യത കുറക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇത്‌ സംബന്ധിച്ചുള്ള ഏറ്റവും പുതിയ പഠനം. സ്ട്രോക്കുകൾ ആഗോളതലത്തിൽ 10% മരണങ്ങൾക്ക് കാരണമാകുന്നു. അതേസമയം ഡിമെൻഷ്യ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണ്, 2050 ഓടെ 130 ദശലക്ഷം ആളുകൾക്ക്‌ ഡിമെൻഷ്യ ബാധിക്കുമെന്ന് കരുതപ്പെടുന്നു.

ഗവേഷണത്തിൽ, 50 നും 74 നും ഇടയിൽ പ്രായമുള്ള 3,65,000 ആളുകളെ കുറിച്ച് പഠനം നടത്തി. ഒരു ദശാബ്ദത്തിലേറെയായി നടത്തി വരുന്ന പഠനത്തിൽ, 5,079 പേർക്ക് ഡിമെൻഷ്യ വികസിക്കുകയും 10,053 പേർക്ക് ഒരു സ്ട്രോക്കെങ്കിലും ഉണ്ടായി എന്നും കണ്ടെത്തി. എന്നാൽ, ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പിയും മൂന്ന് മുതൽ അഞ്ച് കപ്പ് വരെ ചായയും കുടിക്കുന്നവരിലും, അല്ലെങ്കിൽ നാല് മുതൽ ആറ് വരെ ചായയോ കാപ്പിയോ ദിവസവും കുടിക്കുന്നവരിലും സ്‌ട്രോക്കും ഡിമെൻഷ്യയും വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പിയും രണ്ടോ മൂന്നോ കപ്പ് ചായയും കുടിക്കുന്നവരിൽ സ്ട്രോക് വരാനുള്ള സാധ്യത 32% കുറവാണ്. ചായയോ കാപ്പിയോ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 28% കുറവാണ്. കാപ്പി കുടിക്കുന്നത് വിട്ടുമാറാത്ത കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

ചൈനയിലെ ടിയാൻജിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ Yuan Zhang-ഉം സഹപ്രവർത്തകരും നടത്തിയ ഗവേഷണം, ദിവസവും കാപ്പി ഒറ്റയ്‌ക്കോ അല്ലെങ്കിൽ കാപ്പിയും ചായയും കുടിക്കുന്നതും ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കും എന്ന് നിർദേശഷിക്കുന്നു. പ്ലോസ് മെഡിസിൻ ജേണലിൽ ഗവേഷകർ ഇങ്ങനെ എഴുതുന്നു, "ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് കാപ്പിയും ചായയും വെവ്വേറെയോ സംയോജിപ്പിച്ചോ മിതമായ അളവിൽ ദിവസവും കഴിക്കുന്നത് സ്ട്രോക്കിന്റെയും ഡിമെൻഷ്യയുടെയും അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്."

കാപ്പിയും ചായയും സ്‌ട്രോക്ക്, ഡിമെൻഷ്യ, പോസ്റ്റ്-സ്ട്രോക്ക് ഡിമെൻഷ്യ എന്നിവയ്‌ക്കെതിരെ സംരക്ഷണം നൽകുമെങ്കിലും, പൂർണ്ണമായി വരില്ല എന്ന് പറയാൻ കഴിയില്ല എന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത, യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം ലീഡറും എഡിൻബർഗ് സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്കവറി ബ്രെയിൻ സയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫസർ താര സ്പൈർസ്-ജോൺസ്, ഈ കണ്ടെത്തലിനെ 'interesting' എന്ന് വിശേഷിപ്പിച്ചു.

എന്നാൽ, ചായയും കാപ്പിയും സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യതകളും തമ്മിലുള്ള ജൈവിക ബന്ധങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് എന്ന് പ്രൊഫസർ താര സ്പൈർസ്-ജോൺസ് പറഞ്ഞു. യുകെയിലെ അൽഷിമേഴ്‌സ് റിസർച്ച് ഗവേഷണ മേധാവി ഡോ റോസ സാഞ്ചോ പറഞ്ഞത് ഇങ്ങനെയാണ്: "നമ്മിൽ മിക്കവർക്കും ഡിമെൻഷ്യ വരാനുള്ള സാധ്യത നമ്മുടെ പ്രായം, ജനിതകശാസ്ത്രം, ജീവിതശൈലി എന്നിവയുടെ സങ്കീർണ്ണമായ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ജീവിതശൈലിയുടെ ഏതെല്ലാം വശങ്ങൾ നമ്മുടെ മസ്തിഷ്ക ആരോഗ്യത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കുന്നത്, അവരുടെ ജീവിതത്തെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിന് പ്രധാനമാണ്."

Post a Comment

0 Comments