'കാലാവസ്ഥാ വ്യതിയാനം' മൂലം രോഗം ബാധിച്ച ലോകത്തിലെ ആദ്യത്തെ രോഗിയായി കനേഡിയൻ വനിത | Climate change Diagnosed


കാനഡയിൽ നിന്നുള്ള ഒരു സ്ത്രീയെ കഴിഞ്ഞ ദിവസം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിൽ അസാധാരണമായ ഒരു കണ്ടെത്തലാണ് രോഗകാരണമായി ഡോക്ടർ നൽകിയിരിക്കുന്നത്. 'കാലാവസ്ഥാ വ്യതിയാനം' മൂലമാണ് 70 കാരിയായ സ്ത്രീക്ക് ഈ രോഗം ബാധിച്ചിരിക്കുന്നത് എന്നാണ് ഡോക്ടറുടെ വിശദീകരണം. അതോടെ, 'കാലാവസ്ഥാ വ്യതിയാനം' മൂലം രോഗം ബാധിക്കുന്ന ലോകത്തിലെ ആദ്യത്തെ രോഗിയായി ഈ 70 കാരി മാറി.

കനേഡിയൻ ദിനപത്രമായ ടൈംസ് കോളനിസ്റ്റ് പറയുന്നതനുസരിച്ച്, രോഗി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. 70 കാരിയായ ഈ സ്ത്രീ ഒരു ആസ്ത്മ രോഗി കൂടിയാണ്. കാനഡയിലെ കടുത്ത ചൂടും ഗുണനിലവാരമില്ലാത്ത വായുവും കാരണമാണ് രോഗിയുടെ ആരോഗ്യനില വഷളായതെന്ന് രോഗിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു. തന്റെ 10 വർഷത്തെ കരിയറിൽ, ആദ്യമായാണ് താൻ ഒരു രോഗിയുടെ മെഡിക്കൽ റിപ്പോർട്ടിൽ രോഗ കാരണമായി 'കാലാവസ്ഥാ വ്യതിയാനം' എന്ന പദം ഉപയോഗിക്കുന്നത് എന്ന്  കനേഡിയൻ വനിതയെ പരിശോധിച്ച ഡോക്ടറായ ഡോ. കൈൽ മെറിറ്റ് പറഞ്ഞു.

“അവൾക്ക് പ്രമേഹവും, ഹൃദയരോഗവും ഉണ്ട്. ഇപ്പോഴത്തെ ചൂട് അവൾക്ക് താങ്ങാവുന്നതിലും അധികമാണ്. മാത്രമല്ല, എയർ കണ്ടീഷനിംഗ് ഇല്ലാത്ത ട്രെയിലറിലാണ് (ഒരു വാഹനം) അവൾ താമസിക്കുന്നത്. അതുകൊണ്ടാണ് അവളുടെ ആരോഗ്യം പെട്ടെന്ന് വഷളായത്,” ഡോ. മെറിറ്റ് പറഞ്ഞു. കേവലം രോഗികളുടെ രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനു പകരം, രോഗത്തിന്റെ പ്രാഥമിക കാരണം കണ്ടെത്തി അതിനെ നിയന്ത്രിക്കേണ്ടത് ശക്തമായ ആവശ്യമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ട്രെയിലറിൽ താമസിക്കുന്ന എഴുപതുകാരിയായ സ്ത്രീയുടെ ശരീരത്തിന്, രാജ്യത്ത് ഇപ്പോഴുള്ള ചൂട് താങ്ങാൻ കഴിയുന്നില്ലെന്നും, അതുകൊണ്ടാണ് രോഗിയുടെ ആരോഗ്യം വഷളായത് എന്നുമാണ് ഡോക്ടർ റിപ്പോർട്ടിൽ പറയുന്നത്. ഈ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, പ്രദേശത്തെ ഏതാനും പ്രാദേശിക ഡോക്ടർമാർ ഒന്നിച്ചുചേർന്ന് ഡോക്ടേഴ്സ് ആൻഡ് നഴ്സസ് ഫോർ പ്ലാനട്ടറി ഹെൽത്ത്‌ എന്ന ഒരു സംഘടനക്ക് രൂപം നൽകി. ഡോ. മെറിറ്റിന്റെ നിർദേശം ഏറ്റെടുത്ത സംഘടന പരിസ്ഥിതി സംരക്ഷിക്കുന്നത് മൂലം മനുഷ്യരിലെ രോഗം ഇല്ലാതാക്കുക എന്നാണ് ലക്ഷ്യമിടുന്നത്.

ഈ വർഷം ജൂണിൽ, കാനഡ ഏറ്റവും മോശമായ ഉഷ്ണതരംഗങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിച്ചിരുന്നു. തുടർന്നുണ്ടായ കാട്ടുതീ മൂലം ആകാശത്ത് നിറഞ്ഞുനിന്ന പുകപടലങ്ങൾ കാരണം പുകമഞ്ഞ് ഉണ്ടായി, അത് 500 മരണങ്ങൾക്ക് കാരണമായി എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ ഫലമായി അടുത്ത മൂന്ന് മാസങ്ങളോളം കാനഡയിലെ വായു പതിവിലും ഇരട്ടി മടങ്ങ് വിഷാംശം നിറഞ്ഞതായിരിക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Post a Comment

0 Comments