ചന്ദ്രനിൽ 100,000 വർഷത്തേക്ക് ഭൂമിയിലെ എട്ട് ബില്യൺ ആളുകൾക്ക് ശ്വസിക്കാവുന്ന ഓക്സിജൻ…!!! | Oxygen in Moon


ബഹിരാകാശ പര്യവേഷണത്തിലെ പുരോഗതിയ്‌ക്കൊപ്പം, ബഹിരാകാശ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന് വേണ്ടിയുള്ള സാങ്കേതികവിദ്യകളിൽ, അടുത്ത കാലങ്ങളിലായി ലോക രാജ്യങ്ങൾ ധാരാളം സമയവും പണവും നിക്ഷേപിക്കുന്നു. ചന്ദ്രനിൽ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കണ്ടെത്തുന്നതിനായി നടത്തുന്ന പദ്ധതികളാണ് ഈ ശ്രമങ്ങളിൽ മുൻനിരയിൽ. ഒക്ടോബറിൽ, ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയും നാസയും ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ചന്ദ്രനിലേക്ക് ഒരു ഓസ്‌ട്രേലിയൻ നിർമ്മിത റോവർ അയക്കാനുള്ള കരാറിൽ ഒപ്പുവച്ചു, ചന്ദ്രനിൽ ആത്യന്തികമായി ശ്വസിക്കാൻ കഴിയുന്ന ഓക്‌സിജൻ ഉത്പാതിപ്പിക്കാൻ കഴിവുള്ള ലൂണാർ പാറകൾ ശേഖരിക്കുക എന്നതാണ് ഈ റോവറിന്റെ ദൗത്യം.

ചന്ദ്രനൊരു അന്തരീക്ഷമുണ്ടെങ്കിലും, അത് വളരെ കനം കുറഞ്ഞതും ഹൈഡ്രജൻ, നിയോൺ, ആർഗോൺ എന്നിവ ചേർന്നതുമാണ്. മനുഷ്യരെപ്പോലുള്ള ഓക്സിജനെ ആശ്രയിക്കുന്ന സസ്തനികളെ നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള വാതക മിശ്രിതമല്ല ഇത്. അതായത്, ചന്ദ്രനിൽ ധാരാളം ഓക്സിജൻ ഉണ്ട്. പക്ഷെ, അത് വാതക രൂപത്തിലല്ല. പകരം അത് റെഗോലിത്തിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തെ മൂടുന്ന പാറയുടെ പാളികളും നേർത്ത പൊടിയുയുമാണ് റെഗോലിത്ത്. എന്നാൽ, നമുക്ക് റെഗോലിത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിഞ്ഞാലും, ചന്ദ്രനിലെ മനുഷ്യവാസം സാധ്യമാണോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങളും പരിശോധനകളും വേണ്ടി വരും.

നമുക്ക് ചുറ്റുമുള്ള ഭൂമിയിലെ പല ധാതുക്കളിലും ഓക്സിജൻ ഉണ്ട്. ഭൂമിയിലുള്ള അതേ പാറകൾ കൊണ്ടാണ് ചന്ദ്രന്റെ ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത്. സിലിക്ക, അലുമിനിയം, ഇരുമ്പ്, മഗ്നീഷ്യം ഓക്സൈഡുകൾ തുടങ്ങിയ ധാതുക്കളാണ് ചന്ദ്രന്റെ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുന്നത്. ഈ ധാതുക്കളിൽ ഓക്സിജൻ അടങ്ങിയിട്ടുണ്ട്, പക്ഷേ അത്‌ നമ്മുടെ ശ്വാസകോശത്തിന് വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ അല്ല. ചന്ദ്രനിൽ ഈ ധാതുക്കൾ കട്ടിയുള്ള പാറ, പൊടി, ചരൽ എന്നിവയുൾപ്പടെയുള്ള വ്യത്യസ്ത രൂപങ്ങളിലാണ് ഉള്ളത്. എണ്ണമറ്റ സഹസ്രാബ്ദങ്ങളായി ചന്ദ്രോപരിതലത്തിൽ പതിക്കുന്ന ഉൽക്കാശിലകളുടെ ആഘാതത്തിൽ നിന്നാണ് ഈ പദാർത്ഥം ഉണ്ടായത്.

ചന്ദ്രന്റെ റെഗോലിത്ത് ഏകദേശം 45% ഓക്സിജൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ആ ഓക്സിജൻ മുകളിൽ സൂചിപ്പിച്ച ധാതുക്കളുമായി ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നു. ആ ദൃഢമായ ബന്ധങ്ങൾ വേർപെടുത്താൻ, നമ്മൾ ഊർജ്ജം നൽകേണ്ടതുണ്ട്. വൈദ്യുതവിശ്ലേഷണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ ഇത് നിങ്ങൾക്ക് പരിചിതമായിരിക്കും. ഭൂമിയിൽ, ഈ പ്രക്രിയ സാധാരണയായി അലുമിനിയം ഉൽപ്പാദിപ്പിക്കുന്നത് പോലെയുള്ള നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഓക്സിജനിൽ നിന്ന് അലൂമിനിയത്തെ വേർതിരിക്കുന്നതിന്, ഇലക്ട്രോഡുകൾ വഴി അലുമിനിയം ഓക്സൈഡിന്റെ ദ്രാവക രൂപത്തിലൂടെ ഒരു വൈദ്യുത പ്രവാഹം കടത്തിവിടുന്നു.

ഈ സാഹചര്യത്തിൽ, ഓക്സിജൻ ഒരു ഉപോൽപ്പന്നമായി ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ചന്ദ്രനിൽ, ഓക്സിജൻ പ്രധാന ഉൽപ്പന്നവും അലൂമിനിയം (അല്ലെങ്കിൽ മറ്റ് ലോഹം) വേർതിരിച്ചെടുക്കുന്നത് ഉപോൽപ്പന്നവുമായിരിക്കും. ഇത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്, പക്ഷേ ഇത് വളരെ ഊർജ്ജസ്വലമാണ്. സുസ്ഥിരമായിരിക്കാൻ, ചന്ദ്രനിൽ ലഭ്യമായ സൗരോർജ്ജമോ മറ്റ് ഊർജ്ജ സ്രോതസ്സുകളോ അതിനെ പിന്തുണയ്ക്കേണ്ടതുണ്ട്. റിഗോലിത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നതിന് ഗണ്യമായ വ്യാവസായിക ഉപകരണങ്ങളും ആവശ്യമാണ്. 

വൈദ്യുതവിശ്ലേഷണം വഴി ഓക്സിജൻ നിർമ്മിക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് പരീക്ഷണാത്മക റിയാക്ടറുകൾ നിർമ്മിക്കുന്നതായി ബെൽജിയം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് ആപ്ലിക്കേഷൻസ് സർവീസസ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഇൻ-സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ (ISRU) ദൗത്യത്തിന്റെ ഭാഗമായി 2025-ഓടെ ഈ സാങ്കേതികവിദ്യ ചന്ദ്രനിലേക്ക് അയക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ലൂണാർ റെഗോലിത്തിന്റെ ഓരോ ക്യുബിക് മീറ്ററിലും ശരാശരി 1.4 ടൺ ധാതുക്കൾ അടങ്ങിയിരിക്കുന്നു, അതിൽ 630 കിലോഗ്രാം ഓക്സിജനും അടങ്ങിയിരിക്കുന്നു. ഒരു മനുഷ്യന് ജീവിക്കാൻ ഒരു ദിവസം 800 ഗ്രാം ഓക്സിജൻ ശ്വസിക്കണമെന്ന് നാസ പറയുന്നു. അതിനാൽ 630 കിലോഗ്രാം ഓക്സിജൻ ഒരു വ്യക്തിക്ക് ഏകദേശം രണ്ട് വർഷത്തേക്ക് ജീവിക്കാൻ മതിയാവും. ഇനി നമുക്ക് ചന്ദ്രനിലെ റിഗോലിത്തിന്റെ ശരാശരി ആഴം ഏകദേശം പത്ത് മീറ്ററാണെന്നും അതിൽ നിന്ന് ഓക്സിജൻ നമുക്ക് വേർതിരിച്ചെടുക്കാൻ കഴിയുമെന്നും അനുമാനിക്കാം. അതായത്, ചന്ദ്രന്റെ ഉപരിതലത്തിന്റെ മുകളിലെ പത്ത് മീറ്റർ, ഏകദേശം 100,000 വർഷത്തേക്ക് ഭൂമിയിലെ എട്ട് ബില്യൺ ആളുകൾക്കും ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ നൽകും.

ഓക്സിജൻ വേർതിരിച്ചെടുക്കുന്നതും ഉപയോഗിക്കുന്നതും നമ്മൾ എത്രത്തോളം ഫലപ്രദമായി കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. എന്തായാലും, ഈ കണക്ക് വളരെ അത്ഭുതകരമാണ്! എന്തുതന്നെ ആയാലും, ഭൂമി തന്നെയാണ് നമുക്ക് നല്ലത്. നമ്മൾ ഒന്നും ചെയ്യാതെ തന്നെ ഭൂമി ജീവജാലങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുന്നു. നമ്മളെ പിന്തുണയ്ക്കുന്ന നീല ഗ്രഹത്തെയും പ്രത്യേകിച്ച് അതിന്റെ മണ്ണിനെയും സംരക്ഷിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മൾ ചെയ്യണം.

Post a Comment

0 Comments